OMANOMAN SPECIAL
ഒമാൻ ലോകകപ്പ് യോഗ്യതക്കരികെ

മസ്കത്ത് | ലോകകപ്പ്, ഏഷ്യാകപ്പ് യോഗ്യതാ റൗണ്ടിൽ അവസാന ഘട്ട മത്സരത്തിലും മികച്ച വിജയം സ്വന്തമാക്കി ഒമാൻ. ബംഗ്ലാദേശിനെതിരെ എതിരില്ലാത്ത മൂന്ന് ഗോളിന്റെ ജയത്തോടെ ഗ്രൂപ്പ് ഇയിൽ രണ്ടാം സ്ഥാനത്തെത്തി ഒമാൻ ലോകകപ്പ് യോഗ്യതാ സാധ്യത നിലനിർത്തി. ഏഷ്യാകപ്പ് യോഗ്യത ഒമാൻ നേരത്തെ ഉറപ്പിച്ചിരുന്നു.
ദോഹ ജാസ്സിം ബിൻ ഹമദ് സ്റ്റേഡിയത്തിൽ നടന്ന ഒമാൻ – ബംഗ്ലാദേശ് മത്സരത്തിൽ സമ്പൂർണ ആധിപത്യം പുലർത്തിയാണ് ഒമാൻ വിജയം സ്വന്തമാക്കിയത്. 22ാം മിനുട്ടിൽ മുഹമ്മദ് അൽ ഗഫ്രിയും 61, 81 മിനുട്ടുകളിൽ ഖാലിദ് അൽ ഹജ്രിയും ഒമാനായി വല കുലുക്കി. മത്സരത്തിൽ ബംഗ്ലാദേശ് ഗോൾമുഖത്ത് നിരന്തരം ആക്രമണം നടത്തിയ ഒമാൻ 10 ഷോട്ടുകളാണ് ഗോൾ പോസ്റ്റിലേക്ക് പായിച്ചത്. ബംഗ്ലാദേശ് ഗോൾ കീപ്പറും ഗോൾ പോസ്റ്റും പലപ്പോഴും വില്ലനായി.
മത്സരത്തിൽ 80 ശതമാനം ബാൾ നിയന്ത്രിച്ച ഒമാൻ മത്സരത്തിലാകെ 698 പാസുകളാണ് കളിച്ചത്. പ്രതിരോധവും ഗോൾ പോസ്റ്റിന് മുന്നിൽ ഫായിസ് അൽ റുശൈദിയും മികച്ച പ്രകടനം പുറത്തെടുത്തപ്പോൾ ബംഗ്ലാദേശ് നിരക്ക് ഒരു ഗോൾ പോലും നേടാൻ സാധിച്ചില്ല.
ബംഗ്ലാദേശിനെതിരെ വിജയത്തോടെ ഗ്രൂപ്പ് ഇയിൽ 18 പോയിന്റുമായി രണ്ടാം സ്ഥാനത്താണ് ഒമാൻ. ഗ്രൂപ്പ് റണ്ണറപ്പായി ലോകകപ്പ് യോഗ്യതയുടെ ഫൈനൽ റൗണ്ടിലേക്കും ഒമാൻ യോഗ്യത നേടി.
22 പോയിന്റുമായി ഖത്വറാണ് ഒന്നാമത്. 7 പോയിന്റ് നേടിയ ഇന്ത്യ മൂന്നാം സ്ഥാനത്താണ്.