OMANOMAN SPECIAL

വാക്‌സീൻ സ്വീകരിച്ചവർ അഞ്ച് ലക്ഷം കടന്നു

മസ്‌കത്ത് | ഒമാനിൽ കൊവിഡ്-19 പ്രതിരോധ കുത്തിവെപ്പെടുത്തവരുടെ എണ്ണം അഞ്ച് ലക്ഷം കവിഞ്ഞു. 535,578 പേർ ഇതിനോടകം വാക്‌സീൻ സ്വീകരിച്ചതായി ആരോഗ്യ മന്ത്രാലയത്തെ ഉദ്ദരിച്ച് ഒമാൻ ന്യൂസ് ഏജൻസി റിപ്പോർട്ട് ചെയ്തു. മുൻഗണനാ വിഭാഗത്തിൽ പെട്ട 15 ശതമാനം പേർ കുത്തിവെപ്പെടുത്തതായും റിപ്പോർട്ടിൽ വ്യക്തമാക്കി.
ജൂൺ ആദ്യവാരം മുതൽ ഒമാനിൽ കൊവിഡ് പ്രതിരോധ കുത്തിവെപ്പ് കൂടുതൽ വിപുലപ്പെടുത്തിയിരുന്നു. സർക്കാർ ജീവനക്കാർക്കുള്ള വാക്സീനേഷനും കഴിഞ്ഞ ആഴ്ച മുതൽ തുടക്കം കുറിച്ചു. മസ്‌കത്ത് ഗവർണറേറ്റിലാണ് ആദ്യ ഘട്ടത്തിൽ ആദ്യ ഡോസ് വാക്സിനുകൾ നൽകി തുടങ്ങിയത്. ആദ്യ ഡോസ് സ്വീകരിച്ചവർക്കുള്ള രണ്ടാമത് ഡോസ് കുത്തിവെപ്പും പുരോഗമിക്കുകയാണ്.
18ന് മുകളിൽ പ്രായമുള്ള വിദേശി പൗരൻമാർക്കും കൊവിഡ് വാക്‌സീൻ ലഭ്യമാക്കി തുടങ്ങിയിട്ടുണ്ട്. സ്വകാര്യ ആശുപത്രിൾ വഴി വ്യക്തികൾക്കും കമ്പനികൾക്കും വാക്സീൻ സ്വീകരിക്കാം. ഫൈസർ, ആസ്ട്രാസെനക വാക്‌സീനുകളാണ് കൂടുതൽ ലഭ്യമായിട്ടുള്ളത്. ഓരോ വാക്‌സീനും വ്യത്യസ്ത നിരക്കുകളാണ് ആശുപത്രികൾ ഈടാക്കുന്നത്.
ബൗശർ സുൽത്താൻ ഖാബൂസ് സ്പോർട്സ് കോംപ്ലക്‌സ്, വതയ്യ ഇമാം ജാബിർ ബിൻ സഈദ് സ്‌കൂൾ, അമിറാത് വാലി ഓഫീസ്, ഖുറിയാത് പോളിക്ലിനിക്, സീബ് അലൻ ബേ ബോയ്സ് ഹൈസ്‌കൂൾ എന്നിവടങ്ങളിലാണ് മസ്‌കത്തിൽ മുൻഗണനാ വിഭാഗത്തിൽ പെട്ടവർക്കുള്ള വാക്‌സീനേഷൻ കേന്ദ്രങ്ങൾ. പ്രവൃത്തി ദിവസങ്ങളിൽ രാവിലെ എട്ട് മണി മുതൽ ഉച്ചക്ക് രണ്ട് മണി വരെ വാക്സീനേഷൻ കേന്ദ്രങ്ങൾ പ്രവർത്തിക്കും.

Related Articles

Close
%d bloggers like this: