OMANOMAN SPECIAL
ഒരാഴ്ചക്കിടെ ഇന്ത്യയിൽ നിന്നെത്തിയത് 34 വിമാനങ്ങള്‍, 141 യാത്രക്കാർ

മസ്കത്ത് | കൊവിഡ്-19 വ്യാപന പശ്ചാത്തലത്തിൽ ഇന്ത്യക്കും ഒമാനും ഇടയിൽ വിമാന സർവീസ് നിയന്ത്രണം ഏർപ്പെടുത്തിയത് സംബന്ധിച്ച് വിശദീകരണവുമായി സിവിൽ ഏവിയേഷൻ അതോറിറ്റി. സുപ്രീം കമ്മിറ്റി നിർദേശപ്രകാരം പരിമിതമായ വിമാനങ്ങൾ മാത്രമാണ് സർവീസ് നടത്തുന്നതെന്ന് അധികൃതർ വ്യക്തമാക്കി.
ഒമാനിൽ നിന്ന് ഇന്ത്യയിലേക്ക് പോകാനാഗ്രഹിക്കുന്ന ഇന്ത്യൻ പൗരന്മാർക്ക് യാത്രാസൗകര്യമൊരുക്കൽ, ചരക്കു നീക്കം, ഒമാനി പൗരന്മാർ, നയതന്ത്ര പ്രതിനിധികൾ, ആരോഗ്യ പ്രവർത്തകർ എന്നിവർക്ക് മാത്രമാണ് ഒമാനിലേക്ക് യാത്രാനുമതിയുള്ളത്. ഒമാനിലേക്ക് വരുന്നവർക്കും കർശന കൊവിഡ് സുരക്ഷാ മാനദണ്ഡങ്ങൾ നിലവിലുണ്ടെന്നും സിവിൽ ഏവിയേഷൻ വിഭാഗം അറിയിച്ചു.
ഇന്ത്യയിൽ നിന്ന് ഒമാനിലേക്ക് വരുന്നവർക്ക് യാത്രക്ക് മുമ്പ് കൊവിഡ് പരിശോധന നിർബന്ധമാണ്. നെഗറ്റീവ് സർട്ടിഫിക്കറ്റില്ലാത്തവർക്ക് യാത്ര അനുവദിക്കില്ല. ഒമാനിൽ എത്തുമ്പോഴും പരിശോധനയുണ്ടാകും. ആരോഗ്യ മന്ത്രാലയം നിർദേശിച്ച പ്രകാരമുള്ള ക്വാറന്റൈൻ കാലയളവിന് ശേഷവും പി സി ആർ പരിശോധന നടത്തണം.
അതേസമയം, ജൂൺ ഏഴിനും 13നും ഇടയിൽ 150ൽ താഴെ ആളുകൾ മാത്രമാണ് ഇന്ത്യയിൽ നിന്ന് ഒമാനിലെത്തിയത്. ഒമാൻ എയർ 14 സർവീസുകൾ നടത്തി. 58 പേർ ഒമാനിലെത്തി. ഇതിൽ 14 പേർ സ്വദേശികളും 44 പ്രവാസികളുമായിരുന്നു. സലാം എയർ ഒരു സർവീസാണ് നടത്തിയത്. ഇന്ത്യയിൽ നിന്ന് ഒരു ഒമാനി ഈ വിമാനത്തിൽ മസ്കത്തിലെത്തി.
എയർ ഇന്ത്യ എട്ട് സർവീസുകൾ നടത്തിയപ്പോൾ ഒരു സ്വദേശിയും 33 വിദേശികളും ഉൾപ്പടെ 34 പേർ ഒമാനിലെത്തി. എയർ ഇന്ത്യ എക്സ്പ്രസിന്റെ 11 വിമാനങ്ങളിലായി രണ്ട് സ്വദേശികളും 45 വിദേശികളുമടക്കം 47 പേർ ഒമാനിലെത്തിയതായും സിവിൽ ഏവിയേഷൻ അതോറിറ്റി അറിയിച്ചു.