OMANOMAN SPECIAL
45ന് മുകളിൽ പ്രായമുള്ളവർക്ക് വാക്സീനേഷൻ ഞായറാഴ്ച മുതൽ

മസ്കത്ത് | 45 വയസിന് മുകളിൽ പ്രായമുള്ളവർക്ക് കൊവിഡ് വാക്സീനേഷൻ ജൂൺ 20 ഞായറാഴ്ച മുതൽ ആരംഭിക്കും. ഒമാൻ കൺവെൻഷൻ ആന്റ് എക്സിബിഷൻ സെന്ററിലും ഖുറിയാത്തിലുമാണ് പ്രതിരോധ കുത്തിവെപ്പിന് സൗകര്യമൊരുക്കിയത്. കൊവിഡ് വാക്സീനേഷൻ ക്യാമ്പയിന് കൂടുതൽ വിപുലപ്പെടുത്താനുള്ള ആരോഗ്യ മന്ത്രാലയം തീരുമാനത്തിന്റെ അടിസ്ഥാനത്തിലാണ് നടപടി.
പ്രതിദിനം വലിയ ശതമാനം സ്വദേശികളെയും പ്രവാസികളെയും ഉൾക്കൊള്ളാൻ ഈ കേന്ദ്രങ്ങളിൽ സൗകര്യമുണ്ടാകുമെന്ന് മന്ത്രാലയം അറിയിച്ചു. വിശാലമായ ഹാൾ ഇതിനായി ഒരുക്കിയിട്ടുണ്ട്. ഇവിടേക്ക് ആവശ്യമായ ആരോഗ്യ പ്രവർത്തകരെയും നിയമിച്ചിട്ടുണ്ട്.
എക്സിബിഷൻ സെന്ററിൽ പ്രവൃത്തി ദിവസങ്ങളിൽ രാവിലെ എട്ട് മുതൽ ഉച്ചക്ക് രണ്ട് വരെയും ഉച്ചക്ക് മൂന്ന് മുതൽ രാത്രി ഒമ്പത് വരെയുമാണ് വാക്സീനേഷൻ സമയം. വാരാന്ത്യ ദിവസങ്ങളിൽ രാവിലെ ഒമ്പത് മുതൽ വൈകിട്ട് നാല് വരെയും പ്രവർത്തിക്കും.
ഖുറിയാത്ത് ഹെൽത്ത് സെന്ററിൽ ഞായർ മുതൽ വ്യാഴം വരെയുള്ള ദിവസങ്ങളിൽ രാവിലെ എട്ട് മുതൽ ഉച്ചക്ക് രണ്ട് മണി വരെയാണ് കുത്തിവെപ്പ് നടത്തുക.
45 വയസിന് മുകളിൽ പ്രായമുള്ളവർ ആരോഗ്യ മന്ത്രാലയം പോർട്ടലിൽ കൊവിഡ് വാക്സീനേഷൻ വിഭാഗത്തിൽ രജിസ്റ്റർ ചെയ്യണം. വാക്സീനേഷൻ സംബന്ധമായ രജിസ്ട്രേഷനുകൾക്ക് അറിയിപ്പുകൾ ശ്രദ്ധിക്കണമെന്നും മന്ത്രാലയം പ്രസ്താവനയിൽ ആവശ്യപ്പെട്ടു.