OMANOMAN SPECIAL
ഗ്രാമീണ മേഖലകളെ ബന്ധിപ്പിക്കാൻ കൂടുതൽ റോഡുകൾ

മസ്കത്ത് | ഒമാനിൽ ഗ്രാമീണ മേഖലയെ ബന്ധിപ്പിക്കുന്ന കൂടുതൽ റോഡുകളുടെ നിർമാണത്തിന് തുടക്കം. തെക്കൻ ബാത്തിന, ദാഖാലിയ ഗവർണറേറ്റുകളിലെ ഗ്രാമീണ മേഖലകൾക്കിടയിലെ പ്രധാന പാതയുടെ നിർമാണം ആരംഭിച്ചു. പാത പൂർത്തിയാകുന്നതോടെ നിലവിലെ യാത്രാദൂരം 45-50 കിലോമീറ്റർ കുറയും.
കൂടുതൽ ഗ്രാമീണ പാതകൾ നിർമിക്കാനും നിലവിലുള്ളവ നവീകരിക്കാനും പദ്ധതി തയാറാക്കിയതായി അധികൃതർ അറിയിച്ചു. പുതിയ മലയോരപാത കാർഷിക മേഖലയ്ക്കും ഗുണകരമാകും. ഉയർന്ന പ്രദേശങ്ങളിലെ റോഡുകൾ കൂടുതൽ സുരക്ഷാ സംവിധാനങ്ങളോടെയാണ് നിർമിക്കുക.
കർബ്, ജബൽ ശംസ്, ഇസ്സാബ്, വാദി അൽ സഹ്താൻ, യാസിബ്, അൽ ഖാബിൽ, വാദി ബനീ ഗാഫിർ, അൽ മാറാത് എന്നീ ഗ്രാമീണ-മലയോര പ്രദേശങ്ങളിലൂടെയുള്ള പാതകൾ റുസ്താഖ് ഉൾപ്പടെ വിവിധ പട്ടണ പ്രദേശങ്ങളിലേക്ക് ബന്ധിപ്പിക്കും.
വലിയ തോതിൽ കൃഷി നടക്കുന്ന ഇത്തരം പ്രദേശങ്ങൾ ജനവാസ മേഖലകൾ കൂടിയാണ്. ഇവർക്ക് നഗരത്തിലേക്കുള്ള യാത്രകളും പുതിയ റോഡ് ഗുണം ചെയ്യും. കാർഷിക ഉത്പന്നങ്ങൾ വാഹനങ്ങളിൽ നേരിട്ട് വിപണിയിൽ എത്തിക്കുന്നതിനും അവസരമൊരുങ്ങും.