OMANOMAN SPECIAL
വാക്സിനെടുക്കും മുമ്പ് പി.സി.ആർ ആവശ്യമില്ല ഒമാൻ ആരോഗ്യ മന്ത്രാലയം.

മസ്കറ്റ്:- കോവിഡ് ലക്ഷണങ്ങളില്ലാത്തവർ വാക്സിനെടുക്കുന്നതിന് മുമ്പ് പി.സി.ആർ പരിശോധന നടത്തേണ്ട ആവശ്യമില്ലെന്ന് ആരോഗ്യ മന്ത്രാലയം വ്യക്തമാക്കി. ഇതുമായി ബന്ധപ്പെട്ട് പ്രചരിച്ച ഓഡിയോ സന്ദേശങ്ങളിൽ വ്യക്തത വരുത്തിയാണ് മന്ത്രാലയം പ്രസ്താവന പുറപ്പെടുവിച്ചത്. വാക്സിൻ സ്വീകരിക്കുന്നത് രോഗം ഗുരുതരമാക്കുമെന്ന തരത്തിൽ പ്രചരിക്കുന്ന സന്ദേശങ്ങളെയും ആരോഗ്യ വകുപ്പ് തള്ളി. ഇത്തരം പ്രചാരണങ്ങളിൽ സത്യമില്ലെന്നും വാക്സസിന്റെ ഉള്ളടക്കത്തെ സംബന്ധിച്ച് വ്യാജമായ കാര്യങ്ങൾ പ്രചരിപ്പിക്കുന്നതായും പ്രസ്താവനയിൽ വ്യക്തമാക്കി.
ഫൈസർ, ആസ്ട്രസെനക വാക്സിനുകളിൽ കോവിഡ് വൈറസ് അടങ്ങിയതായ സന്ദേശവും പ്രചരിച്ചിരുന്നു. എന്നാൽ, ഇതെല്ലാം ശുദ്ധനുണകളാണെന്നും വാക്സിനുകൾ വൈറസ് ശരീരത്തിൽ പ്രവേശിച്ചാൽ പ്രതിരോധിക്കാനുള്ള ശേഷി വർധിപ്പിക്കുകയാണെന്നും വ്യക്തമാക്കി. തെറ്റായ വാർത്തകളും അഭ്യൂഹങ്ങളും പ്രചരിപ്പിക്കുന്നത് സാധാരണക്കാരായ ജനങ്ങളുടെ ജീവന് ഭീഷണിയാണെന്നും അത്തരം കാര്യങ്ങളിൽനിന്ന് വിട്ടുനിൽക്കണമെന്നും അധികൃതർ ആവശ്യപ്പെട്ടു.
കോവിഡും വാക്സിനും സംബന്ധിച്ച വിവരങ്ങൾക്ക് ആരോഗ്യ മന്ത്രാലയത്തിെൻറ വെബ്സൈറ്റും സമൂഹ മാധ്യമ അക്കൗണ്ടുകളും ഉപയോഗിക്കണമെന്നും ഇക്കാര്യത്തിൽ അറിവില്ലാത്തവരും മറ്റും പുറത്തുവിടുന്ന വാർത്തകൾക്ക് പിന്നാലെ പോകരുതെന്നും അധികൃതർ ആവശ്യപ്പെട്ടു.
ജനങ്ങളെ ആശങ്കയിലാക്കുന്ന രീതിയിൽ വാക്സിനെ സംബന്ധിച്ച് സമൂഹ മാധ്യമങ്ങളിലൂടെ വ്യാജവാർത്തകൾ പ്രചരിപ്പിക്കുന്നത് ശ്രദ്ധയിൽപെട്ട സാഹചര്യത്തിലാണ് മന്ത്രാലയം ഇത്തരത്തിൽ വിശദമായ നിർദേശങ്ങൾ പുറപ്പെടുവിച്ചത്.