OMANOMAN SPECIAL

രണ്ട് പതിറ്റാണ്ട് കാലം ഒമാനിൽ അധ്യാപകനായിരുന്ന മാവേലിക്കര കല്ലുമല സ്വദേശി റജി സാമുവൽ പടിയിറങ്ങുന്നു

സുഹാർ | രണ്ട് പതിറ്റാണ്ട് കാലം ഒമാനിൽ അധ്യാപകനായിരുന്ന മാവേലിക്കര കല്ലുമല സ്വദേശി റജി സാമുവൽ പടിയിറങ്ങുന്നു. ഇംഗ്ലീഷ് സാഹിത്യത്തിൽ ബിരുദവും ബിരുദാനന്തര ബിരുദവും നേടിയ കെ എസ് റെജി മീററ്റ് സെന്റ്. ജോൺസ് സീനിയർ സെക്കൻഡറി സ്‌കൂൾ, ഒമാൻ വിദ്യാഭ്യാസ മന്ത്രാലയം, മാവേലിക്കര ശ്രീ നാരായണ സെൻട്രൽ സ്‌കൂൾ, ബഹ്‌റൈൻ ട്രെയിനിംഗ് ഇൻസ്റ്റിറ്റ്യൂട്ട് എന്നിവിടങ്ങളിൽ അധ്യാപകനായും വകുപ്പ് മേധാവിയായും പ്രവർത്തിച്ചിട്ടുണ്ട്.
2013 മുതൽ മസ്‌കത്ത് ഹയർ കോളജ് ഓഫ് ടെക്‌നോളജിയിൽ ഇംഗ്ലീഷ് അധ്യാപകനായി ജോലി ചെയ്തുവരുന്നു. ഒമാൻ വിദ്യാഭ്യാസ മന്ത്രാലയത്തിലെയും ഹയർ കോളജ് ഓഫ് ടെക്‌നോളജിയിലേയും മാതൃകാ അധ്യാപകനായി തിരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്.
റജിയുടെ ഒമാൻ ജീവിതത്തിന് രണ്ട് ഘട്ടങ്ങളുണ്ട്. 1994 മുതൽ 2006 വരെ നീണ്ട ഒമാനിലെ സർക്കാർ സ്‌കൂളിലെ അധ്യാപന കാലവും അതിനു ശേഷം 2013 മുതൽ ഇതുവരെയുള്ള ഹയർ കോളജ് ഓഫ് ടെക്‌നോളജിയിലെ അധ്യാപക ജീവിതവും. ഒരു സ്‌കൂൾ അധ്യാപകനായി ജോലി ചെയ്തത് വടക്കൻ ബാത്തിനയിലെ ശിനാസ് വിലായത്തിലെ കാബ് ബിൻ മാലിക് സ്‌കൂളിലായിരുന്നു. ഒമാൻ എന്ന രാജ്യത്തിന്റെ സംസ്‌കാരത്തേയും ഇവിടുത്തെ മനുഷ്യരുടെ ജീവിത രീതികളേയുമൊക്കെ അടുത്തറിയാനുള്ള അസുലഭാവസരമായിരുന്നു ഈ കാലഘട്ടമെന്ന് റെജി സാമുവൽ പറയുന്നു. സഹപ്രവർത്തകരായുണ്ടായിരുന്നത് അറബ് ലോകത്തിലെ വിവിധ രാജ്യങ്ങളിൽ നിന്നുള്ള അധ്യാപകരായിരുന്നതു കൊണ്ട് ആ രാജ്യങ്ങളെക്കുറിച്ചും അടുത്തറിയാൻ സാധിച്ചു. ഇന്നും ആ സൗഹൃദങ്ങളെല്ലാം ഹൃദയത്തിൽ സൂക്ഷിക്കുന്നു.
ഒമാൻ സാങ്കേതിക സർവ്വകലാശാലയിലെ ഇംഗ്ലീഷ് വിഭാഗത്തിൽ അധ്യാപകനായതുകൊണ്ട് പാശ്ചാത്യ ലോകത്തു നിന്നുള്ള ധാരാളം അധ്യാപകരോടോത്ത് ജോലി ചെയ്യാനും സാധിച്ചു. ഒമാനിലെ സർക്കാർ സ്‌കൂളിൽ പഠിപ്പിച്ച അനുഭവമുള്ളതുകൊണ്ട് കോളേജിൽ പഠിക്കാനെത്തുന്ന വിദ്യാർഥികളെയും അവരുടെ ആവശ്യങ്ങളേയുമൊക്കെ വളരെ നന്നായി മനസിലാക്കാൻ സാധിച്ചുവെന്ന് റജി സാമുവൽ പറഞ്ഞു.
ഒമാനിലെ സർവ്വകലാശാല തലത്തിലുള്ള ഇംഗ്ലീഷ് വിദ്യാഭ്യാസം സ്‌കൂൾ തലത്തിൽ നിലവിലിരിക്കുന്ന ബോധന സമ്പ്രദായത്തിന്റെ തുടർച്ചയാണ്. വിദ്യാർഥി കേന്ദ്രീകൃതമായ അധ്യാപന രീതിയും ഇംഗ്ലീഷ് ഭാഷ സംസാരിക്കാനും കേട്ടു മനസ്സിലാക്കാനും വായിക്കുന്നതിനും എഴുതുന്നതിനും കുട്ടികളെ പ്രാപ്തരാക്കുന്ന വിധത്തിലാണ് രണ്ട് തലത്തിലും പാഠ ഭാഗങ്ങൾ ക്രമീകരിച്ചിരിക്കുന്നത്. സർവ്വകലാശാല തലത്തിൽ നമുക്ക് ലഭിക്കുന്നത് കുറച്ചു കൂടി പക്വതയുള്ളവരും ലക്ഷ്യബോധാമുള്ളവരുമായ വിദ്യാർഥികളായതു കൊണ്ട് അധ്യാപനം സ്‌കൂൾ തലത്തിനേക്കാൾ ആസ്വാദ്യകരമായ അനുഭവമായിരുന്നുവെന്ന് റജി പറയുന്നു.
ഒരു പത്രപ്പരസ്യം കണ്ട് ഒമാനിൽ എത്തപ്പെട്ട ആളാണ് റജി. ജീവിതത്തിലെ വിലപ്പെട്ട 20 വർഷങ്ങൾ ഇവിടെ ചെലവഴിച്ചു. ഇവിടുത്തെ തന്റെ വിദ്യാർഥികളെയും രാജ്യത്തെയും ഒരിക്കലും മറക്കാനാവില്ല. ക്രാന്തദർശികളായ രണ്ട് ഭരണാധികാരികളുടെ നേതൃത്വത്തിൽ രാജ്യം കൈവരിക്കുന്ന നേട്ടങ്ങളെ അടുത്തറിയാനും ഇവിടുത്തെ പുതുതലമുറയെ വാർത്തെടുക്കുന്നതിൽ ഭാഗഭാക്കാകാനും അവസരം തന്ന ദൈവത്തിന് നന്ദി, റജി സാമുവൽ പറഞ്ഞു.
റജിയുടെ അധ്യാപക ജീവിതാനുഭവങ്ങൾ മുൻനിർത്തിയെഴുതിയതായിരുന്നു “മുയൽ ഒരു മാംസഭോജിയാണ്’ പുസ്തകം. പുതുതായി അധ്യാപന രംഗത്ത് വരുന്നവർക്ക് ഉപകാരപ്പെടുന്നതാണ് കൃതി. ഫേബിയൻ ബുക്‌സ് പുറത്തിറക്കാനിരിക്കുന്ന കഥാ സമാഹാരത്തിന്റെ പണിപ്പുരയിലാണിപ്പോൾ. നാട്ടിലും ഇംഗ്ലീഷ് അധ്യാപകനായി തുടരണമെന്നാണ് ആഗ്രഹം. അധ്യാപക പരിശീലനത്തിലും താത്പര്യമുണ്ട്.
ഭാര്യ അനിത ഒമാനിലെ സർക്കാർ സ്‌കൂളിൽ ഇംഗ്ലീഷ് അധ്യാപികയായിരുന്നു. മകൻ ഋതിക് പൊളിറ്റിക്കൽ സയൻസ് അവസാന വർഷ ബിരുദ വിദ്യാർഥിയാണ്. മകൾ അനന്യ ഒൻപതാം ക്ലാസ് വിദ്യാർഥിനിയാണ്. പിതാവ്: സാമുവേൽ ഈശോ, മാതാവ്: തങ്കമ്മ സാമുവേൽ. ആലപ്പുഴ മാവേലിക്കരയിലെ കല്ലുമലയിലാണ് താമസം.

Related Articles

Close
%d bloggers like this: