മസ്കത്ത് | ഫാക് കുറുബ പദ്ധതിയുടെ ഭാഗമായി ഒമാനിലെ വിവിധ ഗവർണറേറ്റുകളിൽ തടവിൽ കഴിയുന്ന 700ൽ പരം ആളുകൾക്ക് ജയിൽ മോചനം. ചെറിയ കുറ്റങ്ങൾക്ക് പിഴ അടയ്ക്കാൻ പണമില്ലാതെ ജയിൽ വാസം അനുഭവിക്കുന്നവർക്കാണ് ഒമാൻ ലോയേഴ്സ് അസോസിയേഷൻ മോചനം സാധ്യമാക്കുന്നത്.
ജനുവരി മുതൽ ഇതിനോടകം 749 തടവുകാർക്ക് മോചനം ലഭിച്ചു. സാമ്പത്തിക, ആരോഗ്യ, സാമൂഹിക സാഹചര്യങ്ങൾ പരിഗണിച്ചാണ് ഇത്രയും പേർക്ക് മോചനം സാധ്യമാക്കിയത്. മസ്കത്തിലാണ് കൂടുതൽ തടുവുകാർക്ക് മോചനം ലഭിച്ചത്, 226 പേർ. വടക്കൻ ബാത്തിന (151), തെക്കൻ ബാത്തിന (85), ബുറൈമി (70), തെക്കൻ ശർഖിയ (56), വടക്കൻ ശർഖിയ (48), ദാഖിലിയ (39), ദാഹിറ (34), ദോഫാർ (23), അൽ വുസ്ത (9), മുസന്ദം (8) എന്നിങ്ങനെയാണ് മറ്റു ഗവർണറേറ്റികളിലെ ജയിലുകളിൽ നിന്നും മോചിതരാക്കപ്പെട്ടവരുടെ എണ്ണം.
2012ൽ ആരംഭിച്ച പദ്ധതിയിൽ ഗുണഭോക്താക്കളായത് ആയിരക്കണക്കിന് ആളുകളാണ്. ജനങ്ങളിൽ നിന്ന് പണം സ്വരൂപിച്ചാണ് ഇത്തവണയും മോചനത്തിനുള്ള വഴി കണ്ടെത്തിയത്. 749 പേരെ കൂടി മോചിതരാക്കാൻ സാധിച്ചതിൽ സന്തോഷമുണ്ടെന്ന് ഒമാൻ ലോയേഴ്സ് അസോസിയേഷൻ പ്രതികരിച്ചു. ഈ വർഷം കൂടുതൽ പേർക്ക് മോചനം സാധ്യമാക്കുമെന്ന് അസോസിയേഷൻ വ്യക്തമാക്കിയിരുന്നു.
‘ഫാക് കുറുബ’ പദ്ധതി: 749 തടവുകാർക്ക് മോചനം
RELATED ARTICLES