മസ്കത്ത് | ഖരീഫ് കാലം ആസ്വദിക്കാൻ സലാലയിൽ പോകാൻ ആഗ്രഹിക്കുന്നവർക്ക് ഇനി വാക്സീനേഷൻ നിർബന്ധം. ഒമാനിലെ മറ്റു ഗവർണറേറ്റുകളിൽ നിന്ന് ദോഫാറിലേക്ക് പോകുന്നതിന് നാളെ മുതൽ കൊവിഡ് വാക്സീൻ നിർബന്ധമാകുമെന്ന് സുപ്രീം കമ്മിറ്റി അറിയിച്ചു. 18 വയസിന് മുകളിൽ പ്രായമുള്ള, ഒരു ഡോസ് വാക്സീനെങ്കിലും എടുത്തവർക്ക് മാത്രമാണ് പ്രവേശനം അനുവദിക്കുക. സ്വദേശികൾക്കും വിദേശികൾക്കും വാക്സീനേഷൻ നിർബന്ധമാണ്.
അതേസമയം, ഒമാന് പുറത്തു നിന്ന് ദോഫാറിലേക്ക് വരുന്നവർ രണ്ട് ഡോസ് വാക്സീനേഷനും പൂർത്തീകരിച്ചവരാകണം. റോഡ് വഴി വരുന്നവർക്കും വിമാന മാർഗം സലാലയിലെത്തുന്നവർക്കും ഇത് നിർബന്ധമാണ്. ഒമാൻ ആരോഗ്യ മന്ത്രാലയം അംഗീകരിച്ച നാലിൽ ഏതെങ്കിലും ഒരു വാക്സീൻ സ്വീകരിച്ചവർക്ക് മാത്രമാകും പ്രവേശനാനുമതി ലഭിക്കുകയെന്നും സുപ്രീം കമ്മിറ്റി അറിയിച്ചു.
ഖരീഫ് സീസൺ ആരംഭിച്ചതോടെ സലാലയിൽ സഞ്ചാരികൾ എത്തിത്തുടങ്ങിയിട്ടുണ്ട്. ഈ സാഹചര്യത്തിലാണ് രോഗ വ്യാപനം പ്രതിരോധിക്കുന്നതിന് വാക്സീനേഷൻ നിർബന്ധമാക്കി സുപ്രീം കമ്മിറ്റി തീരുമാനമെടുത്തത്. കഴിഞ്ഞ വർഷം ദോഫാറിൽ സഞ്ചാരികളെ അനുവദിച്ചിരുന്നില്ല. ബലി പെരുന്നാൾ അവധി ദിനങ്ങളിൽ വലിയ തോതിൽ സഞ്ചാരികൾ സലാലയിൽ എത്തുമെന്നാണ് കരുതുന്നത്.
സഞ്ചാരികളെ വരവേൽക്കാൻ ഗവർണറേറ്റും ഒരുങ്ങിക്കഴിഞ്ഞു. എന്നാൽ, ദോഫാറിലെ ഹോട്ടലുകളിലും അപ്പാർട്ട്മെന്റുകളിലും 50 ശതമാനം ശേഷിയിൽ കൂടുതൽ ആളുകൾ പാടില്ലെന്ന് സുപ്രീം കമ്മിറ്റി നിർദേശിച്ചു.
വെള്ളിയാഴ്ച വൈകിട്ട് അഞ്ച് മുതൽ പുതിയ ഉത്തരവുകൾ പ്രാബല്യത്തിൽ വരുമെന്നും സുപ്രീം കമ്മിറ്റി അറിയിച്ചു.
ഖരീഫ് ആസ്വദിക്കാൻ സലാലയിൽ പോകണോ? നാളെ മുതൽ വാക്സീന് സ്വീകരിച്ചവര്ക്ക് മാത്രം പ്രവേശനം
RELATED ARTICLES