മസ്കത്ത് | ബലി പെരുന്നാൾ ആഘോഷങ്ങൾക്ക് ദിവസങ്ങൾ മാത്രം ബാക്കി നിൽക്കെ രാജ്യത്ത് ഇത്തവണയും പെരുന്നാൾ പ്രത്യേക കച്ചവട കേന്ദ്രങ്ങളില്ല.
ഒമാന്റെ വിവിധ ഭാഗങ്ങളിൽ പെരുന്നാളിന് മുന്നോടിയായി നടക്കാറുള്ള ഗ്രാമീണ ചന്തകൾക്ക് ഇത്തവണ സുപ്രീം കമ്മിറ്റി അനുമതി നൽകിയിട്ടില്ല. എല്ലാവർഷവും ബലി പെരുന്നാളിനോടനുബന്ധിച്ചാണ് ചന്തകൾ ഒരുക്കുന്നത്. ഈദ് ഹബ്ത എന്ന പേരിലാണ് ചന്തകൾ അറിയപ്പെടുന്നത്. പ്രദേശങ്ങളിലെ പരമ്പരാഗത സൂഖുകളാണ് മിക്ക സ്ഥലങ്ങളിലും ചന്തകൾ പ്രവർത്തിക്കുന്നത്.
സ്വദേശികളും വിദേശികളുമായി ആയിരക്കണക്കിന് പേർ ദിവസവും എത്തുന്ന ചന്തകളോടെയാണ് രാജ്യത്ത് ബലി പെരുന്നാൾ ആരവങ്ങൾ ആരംഭിക്കുന്നത്. ഇത്തവണ ചന്തകൾ നടക്കുന്ന ഇടങ്ങളെല്ലാം ഇപ്പോൾ വിജനമാണ്. സ്വദേശി കച്ചവക്കാരാണ് ചന്തകളിൽ കൂടുതലായി ഉണ്ടാകാറുള്ളത്. ഇവരുടെ പ്രധാന വരുമാനം കൂടിയാണ് ചന്തയിലെ പെരുന്നാൾ കച്ചവടം. ഈ വർഷം ഈ മേഖലയിലെ വരുമാനം നിലയ്ക്കും.
പരമ്പരാഗത കച്ചവടക്കാരാണ് വിവിധ ഉത്പന്നങ്ങളുമായി ചന്തയിൽ എത്തുന്നത്. സ്ത്രീകളും വൃദ്ധരും ഉൾപ്പടെ ചന്തകളിൽ കച്ചവടം നടത്തുന്നു. സ്വദേശികളുടെ പെരുന്നാൾ പർച്ചേഴ്സിംഗുകൾ മിക്കതും ഈ ചന്തയിൽ തന്നെയായിരിക്കും. രാജ്യത്തിന്റെ പ്രധാന പൈതൃകങ്ങളിൽ ഒന്നുകൂടിയാണ് ചന്തകൾ.
പെരുന്നാൾ ദിനങ്ങളിൽ സമ്പൂർണ ലോക്ക്ഡൗൺ ആയതിനാൽ പെരുന്നാൾ ദിനങ്ങളിലേക്കുള്ള ആവശ്യവസ്തുക്കളും കുറയും.
ബലി പെരുന്നാൾ ഇത്തവണ ഗ്രാമീണ ചന്തകളും ഈദ് ഹബ്തകളുമില്ല
RELATED ARTICLES