Covid 19OMANOMAN SPECIAL

ഒമാനിൽ മരണപ്പെട്ടവരില്‍ 384 ഇന്ത്യക്കാർ പകുതിയിൽ അധികം മലയാളികൾ

മസ്‌കത്ത് | ഒമാനിൽ കൊവിഡ് ബാധിതരായി മരണപ്പെട്ടത് 384 ഇന്ത്യക്കാർ. വിദേശത്ത് 3,570 പ്രവാസി ഇന്ത്യക്കാർ ഇതിനോടകം മരിച്ചതായും കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി മുരളീധരൻ രാജ്യസഭയിൽ പറഞ്ഞു.
ജി സി സി രാജ്യങ്ങളിൽ ഏറ്റവും കൂടുതൽ ഇന്ത്യക്കാരുടെ മരണം റിപ്പോർട്ട് ചെയ്തത് സഊദി അറേബ്യയിലാണ്, 1,115 പേർ. കുറഞ്ഞ മരണം ഖത്വറിലാണ്, 106 ഇന്ത്യക്കാർ.
ഒമാനിൽ മരണപ്പെട്ട ഇന്ത്യക്കാരിൽ പകുതിയിൽ അധികവും മലയാളികളാണ്. 200 ഓളം മലയാളികൾക്കാണ് ഒമാനിൽ കൊവിഡിനെ തുടർന്ന് ജീവൻ നഷ്ടമായതെന്നാണ് അനൗദ്യോഗിക കണക്കുകൾ. രണ്ട് ഡോക്ടർമാർ, നഴ്‌സുമാർ തുടങ്ങിയവർ ഒമാനിൽ മരിച്ച മലയാളികളിൽ ഉൾപ്പെടുന്നു. യുവാക്കളും വൃദ്ധരും കൊവിഡ് മൂലം മരണപ്പെട്ടു.
കൊവിഡ് അനുബന്ധ രോഗത്തെ തുടർന്നും നിരവധി ഇന്ത്യക്കാർ ഒമാനിൽ മരണപ്പെട്ടു. നൂറ് കണക്കിന് പേർ ഇപ്പോഴും തുടർ ചികിത്സകളിൽ കഴിയുകയാണ്. കൊവിഡാനന്ത രോഗത്തെ തുടർന്ന് ഒരു മലയാളി നഴ്‌സും മരണപ്പെട്ടിരുന്നു. ദിവസങ്ങളോളും ആശുപത്രിയിൽ ചികിത്സയിൽ തുടർന്ന ഇവരെ വിദഗ്ധ ചികിത്സക്കായി നാട്ടിലേക്ക് കൊണ്ടുപോകാൻ ശ്രമിക്കുന്നതിനിടെയായിരുന്നു മരണം.
കഴിഞ്ഞ മൂന്ന് മാസങ്ങൾക്കിടെയാണ് ഏറ്റവും കൂടുതൽ മരണങ്ങൾ രാജ്യത്ത് റിപ്പോർട്ട് ചെയ്യപ്പെട്ടത്. പത്തോളം മലയാളി മരണങ്ങൾ റിപ്പോർട്ട് ചെയ്ത് ദിവസവും കഴിഞ്ഞ മാസങ്ങളിൽ കടന്നുപോയി. മരണപ്പെട്ട പ്രവാസികളുടെ മൃതതേഹം കൊവിഡ് പ്രോട്ടോകോൾ പ്രകാരം ഒമാനിൽ തന്നെയാണ് സംസ്‌കരിക്കുന്നത്.
70 രാജ്യങ്ങളിലാണ് പ്രവാസി ഇന്ത്യക്കാർ കൊവിഡ് മൂലം മരണപ്പെട്ടത്. ഏറ്റവും കൂടുതൽ ഗൾഫ് മേഖലയിലാണ്. യു എ ഇ (894), കുവൈത്ത് (546), ബഹ്‌റൈൻ (196) എന്നിങ്ങനെയാണ് മറ്റു ഗൾഫ് രാഷ്ട്രങ്ങളിൽ മരണപ്പെട്ട ഇന്ത്യക്കാരുടെ എണ്ണം.
അതത് രാജ്യങ്ങളിലെ ഇന്ത്യൻ എംബസികൾ കൈമാറിയ കണക്കുകളാണ് വി മുരളീധരൻ രാജ്യസഭയിൽ അവതരിപ്പിച്ചത്.

Related Articles

Close
%d bloggers like this: