spot_img
spot_img
HomeHelth50 ആരോഗ്യ സ്ഥാപനങ്ങൾ 25 കോടി രൂപയുടെ പദ്ധതി ഉദ്ഘാടനം ഇന്ന്

50 ആരോഗ്യ സ്ഥാപനങ്ങൾ 25 കോടി രൂപയുടെ പദ്ധതി ഉദ്ഘാടനം ഇന്ന്

തിരുവനന്തപുരം: സര്‍ക്കാരിന്റെ നൂറുദിന കര്‍മ്മ പദ്ധതിയുടെ ഭാഗമായുള്ള വിവിധ പദ്ധതികളുടെ ഉദ്ഘാടനം ജൂലൈ 24ന് ഉച്ചയ്ക്ക് 12 മണിക്ക് ഓണ്‍ലൈന്‍ വഴി മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍വഹിക്കും. ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് ചടങ്ങില്‍ അധ്യക്ഷത വഹിക്കും.
സബ് സെന്റര്‍ മുതലുള്ള 50 ആരോഗ്യ സ്ഥാപനങ്ങളുടെ 25 കോടി രൂപയുടെ പദ്ധതികളുടെ ഉദ്ഘാടനമാണ് നടക്കുന്നത്. 6 കുടുംബാരോഗ്യ കേന്ദ്രങ്ങള്‍, 28 ഹെല്‍ത്ത് ആന്റ് വെല്‍നസ് സെന്ററുകള്‍, 4 താലൂക്ക് ആശുപത്രികള്‍, 2 ജനറല്‍ ആശുപത്രികള്‍, മറ്റ് സ്ഥാപനങ്ങള്‍ എന്നിവിടങ്ങളിലെ വിവിധ പദ്ധതികളുടെ ഉദ്ഘാടനമാണ് നിര്‍വഹിക്കുന്നത്.

ജനങ്ങള്‍ക്ക് പ്രാഥമിക തലത്തില്‍ തന്നെ മികച്ച ചികിത്സ ഉറപ്പുവരുത്തുന്നതിനാണ് ആര്‍ദ്രം മിഷന്റെ ഭാഗമായി പ്രാഥമികാരോഗ്യ കേന്ദ്രങ്ങളെ കുടുംബാരോഗ്യ കേന്ദ്രമാക്കി മാറ്റിയത്.
പ്രവര്‍ത്തനസജ്ജമായ 6 കുടുംബാരോഗ്യ കേന്ദ്രങ്ങളുടെ ഉദ്ഘാടനമാണ് നടക്കുന്നത്. ആലപ്പുഴ കടമ്ബൂര്‍, പാണാവള്ളി, പാലക്കാട് തേങ്കുറുശി, മലപ്പുറം വാഴക്കാട്, കോഴിക്കോട് കണ്ണാടിക്കല്‍, വയനാട് മൂപ്പൈനാട് എന്നീ കുടുംബാരോഗ്യ കേന്ദ്രങ്ങളുടെ ഉദ്ഘാടനമാണ് നടത്തുന്നത്.

ആരോഗ്യരംഗത്ത് മറ്റൊരു നാഴികക്കല്ലാണ് സബ് സെന്ററുകളെ ഹെല്‍ത്ത് ആന്റ് വെല്‍നസ് സെന്ററുകളാക്കുന്നത്. ആരോഗ്യ ഉപ കേന്ദ്രങ്ങളായ സബ് സെന്ററുകളെ മികച്ച സൗകര്യങ്ങളൊരുക്കി രോഗീ സൗഹൃദമായ കുടുംബാരോഗ്യ കേന്ദ്രം പോലെയാണ് ഹെല്‍ത്ത് ആന്റ് വെല്‍നസ് സെന്ററുകളാക്കുന്നത്.

സബ് സെന്ററുകളായ തിരുവനന്തപുരം ആനത്തലവട്ടം, കുലശേഖരം, പയറ്റുവിള, യു.പി.എച്ച്‌.സി. ചാല, യു.പി.എച്ച്‌.സി. കളിപ്പാന്‍ കുളം, സബ് സെന്ററുകളായ കോട്ടയം കട്ടച്ചിറ, കാട്ടാമ്ബാക്ക്, ചെങ്ങളം, മെയിന്‍ സെന്ററുകളായ നാട്ടകം, വെള്ളാവൂര്‍, പൂഞ്ഞാര്‍, സബ് സെന്ററുകളായ എറണാകുളം തൈക്കാവ്, പിണര്‍മുണ്ട, ഉളിയന്നൂര്‍, യു.പി.എച്ച്‌.സി. കടവന്ത്ര, യു.പി.എച്ച്‌.സി. മങ്ങാട്ടുമുക്ക്, സബ് സെന്ററുകളായ തൃശൂര്‍ അന്നനാട്, പൂവ്വന്‍ചിറ, ശാന്തിപുരം, ചൂലൂര്‍, നാട്ടിക വെസ്റ്റ്, മതിലകം, വളവനങ്ങാടി, അടാട്ട്, വാക, അരൂര്‍, പേരാമംഗലം, മേലൂര്‍ എന്നിവയേയാണ് ഹെല്‍ത്ത് ആന്റ് വെല്‍നസ് സെന്ററുകളാക്കി മാറ്റിയിരിക്കുന്നത്.

താലൂക്ക് ആശുപത്രികളിലെ വിവിധ പദ്ധതികളുടെ ഉദ്ഘാടനവും ഇതോടൊപ്പം നിര്‍വഹിക്കുന്നു. കൊല്ലം പുനലൂര്‍ താലൂക്ക് ആശുപത്രി ഓക്‌സിജന്‍ ജനറേറ്റര്‍, പത്തനംതിട്ട തിരുവല്ല താലൂക്ക് ആസ്ഥാന ആശുപത്രിയിലെ ഐസിയു., 15 നവജാതശിശു പുനര്‍ ഉത്തേജന യൂണിറ്റുകള്‍, കേന്ദ്രീകൃത ഓക്‌സിജന്‍ ലഭ്യത, ട്രയേജ്, സി.ഐ.ഐ.യുടെ സാമ്ബത്തിക സഹായത്തോടെ ഇടുക്കി പീരുമേട് താലുക്ക് ആശുപത്രിയില്‍ സ്ഥാപിച്ച കേന്ദ്രിക്യത ഓക്‌സിജന്‍ വിതരണ ശ്യംഖല, തൃശൂര്‍ പുതുക്കാട് താലൂക്ക് ആശുപത്രിയിലെ ഇ-ഹെല്‍ത്ത് സംവിധാനം ആദ്യഘട്ടം എന്നിവയുടെ ഉദ്ഘാടനമാണ് നടക്കുന്നത്.

അടൂര്‍ ജനറല്‍ ആശുപത്രിയില്‍ നവജാതശിശു പരിചരണത്തിനായി 20.79 ലക്ഷം രൂപ ചെലവഴിച്ചുള്ള എസ്.എന്‍.സി.യു, 15 നവജാതശിശു പുനര്‍ ഉത്തേജന യൂണിറ്റുകള്‍, കേന്ദ്രീകൃത ഓക്‌സിജന്‍ ലഭ്യത, ട്രയേജ് എന്നിവ സജ്ജീകരിച്ചിട്ടുണ്ട്. ആലപ്പുഴ ജനറല്‍ ആശുപത്രിയില്‍ ആര്‍ദ്രം പദ്ധതിയില്‍ ഉള്‍പ്പെടുത്തി ആലപ്പുഴ ജനറല്‍ ആശുപത്രിയില്‍ 1.24 കോടി രൂപ ചെലവഴിച്ച്‌ നിര്‍മ്മാണനവീകരണ പ്രവര്‍ത്തനം പൂര്‍ത്തിക്കരിച്ചിട്ടുണ്ട്. നിലവിലുള്ള പഴയ ഒപി. ബ്ലോക്കിന്റെ നവീകരണം, കാത്തിരുപ്പ് കേന്ദ്രങ്ങള്‍, പുതിയ ടോയ്‌ലെറ്റുകള്‍ എന്നിവയുടെ ഉദ്ഘാടനമാണ് നടക്കുന്നത്. കോട്ടയം ഇടമറുക് സാമൂഹ്യ ആരോഗ്യ കേന്ദ്രത്തിലെ 1.75 കോടി രൂപ ചെലവഴിച്ച്‌ നിര്‍മ്മിക്കുന്ന ഒ.പി. ബ്ലോക്കിന്റെ ഉദ്ഘാടനവും നിര്‍വഹിക്കും.

ഗര്‍ഭിണികളായ ആദിവാസികളെ കുടുംബ സമേതം താമസിപ്പിച്ച്‌ പ്രസവ ശുശ്രൂക്ഷ നല്‍കാന്‍ വേണ്ടി 6.14 ലക്ഷം രൂപ വീതം ചെലവഴിച്ച്‌ വയനാട് ബത്തേരിയിലും വൈത്തിരിയിലും സജ്ജമാക്കിയ ആന്റിനെറ്റല്‍ ട്രൈബല്‍ ഹോം, 20 ലക്ഷം രൂപ ചെലവഴിച്ച്‌ നിര്‍മ്മിച്ച മാനന്തവാടി ടി.ബി. സെല്‍, കൊല്ലം ഗവ. വിക്ടോറിയ ആശുപത്രിയില്‍ 10 ലക്ഷം രൂപ ചെലവഴിച്ച്‌ നവീകരിച്ച ഹൈ ഡിപ്പന്റന്‍സി യൂണിറ്റ്, കോട്ടയം ജില്ലയിലെ ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് പരിശീലനം നല്‍കുന്നതിന് വേണ്ടി ജില്ലാ നഴ്‌സിംഗ് സ്‌കൂളില്‍ 60 ലക്ഷം രൂപ മുടക്കി സജ്ജീകരിച്ച സ്‌കില്‍ ലാബ്, എറണാകുളം ഇടപ്പള്ളി റീജിയണല്‍ വാക്‌സിന്‍ സ്റ്റോര്‍, കണ്ണൂര്‍ ടിബി സെന്ററിന്റെ പുതിയ കെട്ടിടം, പാലക്കാട് സ്ത്രീകളുടേയും കുട്ടികളുടേയും ആശുപത്രിയില്‍ സജ്ജമാക്കിയ ജില്ലാ ഏര്‍ളി ഇന്റര്‍വെന്‍ഷന്‍ സെന്റര്‍ വിപുലീകരണം, തൃശൂര്‍ കൈപ്പമംഗലം മതിലകം ട്രാന്‍സ് ഗ്ലോബല്‍ ഡ്രൈ പോര്‍ട്ടില്‍ സജ്ജമാക്കിയ 55,000 സ്‌ക്വയര്‍ ഫീറ്റില്‍ 450 കിടക്കകളോട് കൂടിയ സ്ത്രീകള്‍ക്ക് മാത്രമായുള്ള സി.എഫ്.എല്‍.ടി.സി./ സി.എസ്.എല്‍.ടി.സി എന്നിവയുടെ ഉദ്ഘാടനവും ഇതോടൊപ്പം നടക്കും.

RELATED ARTICLES

Most Popular

Recent Comments

You cannot copy content of this page
%d bloggers like this: