കൊച്ചി: എറണാകുളത്ത് തെരുവു നായ്ക്കളെ കൊന്ന് കുഴിച്ചുമൂടിയ സംഭവത്തില്‍ ഒരാള്‍ അറസ്റ്റില്‍. നായകളെ കൊന്ന ശേഷം കടത്തിക്കൊണ്ടുപോയ വാഹനത്തിന്റെ ഡ്രൈവര്‍ സൈജനാണ് അറസ്റ്റിലായത്. തൃക്കാക്കര നഗരസഭാ അധികൃതരുടെ അറിവോടെയാണ് നായ്ക്കളെ കൊന്നതെന്ന് സൈജന് മൊഴി നല്കി.
നായകളെ പുറത്തെടുത്ത് പരിശോധന നടത്തുകയാണ്. നഗരസഭ മാലിന്യ സംസ്കരണ കേന്ദ്രത്തിനോട് ചേര്‍ന്നാണ് നായ്ക്കളെ കുഴിച്ചിട്ടിരുന്നത്. 30ഓളം നായകളുടെ ജഡം കണ്ടെത്തി. ഭരണസമിതിയുടെ അറിവോടെയാണ് സംഭവം നടന്നതെന്ന ആരോപണം ശക്തമാണ്. തുടര്‍ന്ന് പ്രതിപക്ഷ കൗണ്‍സിലര്‍മാര്‍ നഗരസഭയ്ക്ക് മുന്നില്‍ പ്രതിഷേധിച്ചിരുന്നു. തൃക്കാക്കരയിലെ ഈച്ചമുക്ക് പ്രദേശത്ത് വ്യാഴാഴ്ച്ച രാവിലെയാണ് ദാരുണമായ സംഭവം നടന്നത്.
കെഎല്‍ 40 രജിസ്ട്രേഷന് വാഹനത്തിലെത്തിയ മൂന്നംഗ സംഘം കമ്ബികൊണ്ട് നായയുടെ കഴുത്തില്‍ കുരുക്കിട്ട ശേഷം വിഷം കുത്തിവെച്ച് കൊലപ്പെടുത്തുകയായിരുന്നു. വളരെ പ്രാകൃതമായി കുരുക്കിട്ട് പിടികൂടുന്ന നായകള്‍ക്ക് ഉഗ്രവിഷമാണ് ഇവര്‍ കുത്തിവെച്ചത്. സൂചി കുത്തിവെച്ച് ഊരിയെടുക്കും മുന്‍പ് നായ കുഴഞ്ഞുവീണ് ചാവും. കൊലപ്പെടുത്തിയ നായകളെ തൃക്കാക്കര നഗരസഭയോട് ചേര്‍ന്നുള്ള പുരയിടത്തില്‍ കുഴിച്ചിട്ടതായി ഇവര്‍ സമ്മതിച്ചിരുന്നു.
അതേസമയം സംഭവത്തില്‍ ഹൈക്കോടതിയും ഇടപെട്ടിരുന്നു. സംഭവത്തില്‍ നഗരസഭയ്ക്ക് പങ്കുണ്ടെന്ന് തെളിഞ്ഞാല്‍ കര്‍ശന നടപടി സ്വീകരിക്കുമെന്നാണ് ഹൈക്കോടതി നല്കിയ മുന്നറിയിപ്പ്. ഭാവിയില്‍ ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കരുതെന്നും പിന്നില്‍ ഗൂഢാലോചനയുണ്ടോയെന്ന് പരിശോധിക്കാനും ഹൈക്കോടതി കര്‍ശനമായി നിര്‍ദ്ദേശിച്ചിരുന്നു.