OMANOMAN SPECIAL
പ്രവേശന വിലക്ക് മൂന്ന് മാസം പിന്നിട്ടു; മടങ്ങിവരാന്‍ കാത്തിരിക്കുന്നത് ആയിരങ്ങള്‍

കൊവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ ഇന്ത്യ ഉള്‍പ്പടെ രാജ്യങ്ങളില്‍ നിന്നുള്ളവര്‍ക്ക് ഒമാന്‍ ഏര്‍പ്പെടുത്തിയ പ്രവേശന വിലക്ക് മൂന്ന് മാസം പിന്നിടുന്നു. അനിശ്ചിതമായി തുടരുന്ന വിലക്ക് ഉടന്‍ നീങ്ങുമെന്ന പ്രതീക്ഷയില്‍ മടങ്ങിയെത്താന്‍ കാത്തിരിക്കുന്നത് മലയാളികള്‍ ഉള്‍പ്പടെ ആയിരക്കണക്കിന് പ്രവാസികള്‍. 23 രാഷ്ട്രങ്ങളില്‍ നിന്നുള്ളവര്‍ക്കാണ് നിലവില്‍ വിലക്ക് നിലനില്‍ക്കുന്നത്. ഇവിടെ നിന്നുള്ള ഒമാനി പൗരന്മാര്, ആരോഗ്യ പ്രവര്‍ത്തകര്‍, നയതന്ത്ര ഉദ്യോഗസ്ഥര്‍ എന്നിവര്‍ക്ക് അനുമതിയുണ്ട്.
തിരിച്ചുവരാന്‍ പലവഴികള്‍ തേടുന്ന പ്രവാസികള്‍ക്ക് മുമ്പില്‍ പുതിയ ഇടത്താവളമായി തുറന്ന ഖത്വര്‍ വഴിയും യാത്ര എളുപ്പമല്ല. ഒരു ലക്ഷത്തോളം ഇന്ത്യന്‍ രൂപ കൈവശം വേണമെന്നതും ഹോട്ടല്‍ ബുക്കിംഗ് നിബന്ധനകളും പ്രതിസന്ധി സൃഷ്ടിക്കുകയാണ്.
എന്നാല്‍, ഇന്ത്യയില്‍ നിന്നെത്തുന്ന കൊവിഡ് വാക്സീന് പൂര്‍ത്തിയാക്കിയ യാത്രക്കാര്‍ക്ക് ഖത്വറില്‍ ക്വാറന്റൈന് നയങ്ങളില്‍ വീണ്ടും മറ്റം വരുത്തിയെന്ന പ്രചരണം ശരിയല്ലെന്ന് ഇന്ത്യന്‍ എംബസി അറിയിച്ചിട്ടുണ്ട്.
പ്രവേശന വിലക്ക് നിലനില്‍ക്കുന്നതിനാല്‍ മടങ്ങിവരാനുള്ള ധാരാളം പേരാണ് നാട്ടില്‍ കുടുങ്ങിയത്. യാത്രാ നിരോധനം നീണ്ടതോടെ തിരികെയെത്താനുള്ള ചിലര്‍ വിവിധ രാജ്യങ്ങളിലൂടെ 14 ദിവസം അവിടെ ചെലവഴിച്ച ശേഷം ഒമാനിലെത്തി. എന്നാല്‍ നേരിട്ടുള്ള യാത്ര സാധിക്കുമെന്ന പ്രതീക്ഷയില്‍ കാത്തിരിക്കുകയാണ് പ്രവാസികളില്‍ ഭൂരിപക്ഷവും.
യാത്രാവിലക്ക് ഏര്‍പ്പെടുത്തിയതിന് പിന്നാലെ, നേപ്പാള്‍, ശ്രീലങ്ക, ബഹ്റൈന്‍ തുടങ്ങിയ രാജ്യങ്ങള്‍ വഴിയായിരുന്നു പ്രവാസികള്‍ എത്തിയിരുന്നത്. എന്നാല്‍, ഈ രാജ്യങ്ങളിലെ വാതിലുകള്‍ അടഞ്ഞതോടെ അര്‍മീനിയ, ഉസ്ബെകിസ്താന്‍ തുടങ്ങിയ രാജ്യങ്ങള്‍ തിരഞ്ഞെടുത്തവര്‍ ഏറെ. ഈ രാജ്യങ്ങളിലൂടെ ഇപ്പോഴും പ്രവാസികള്‍ എത്തുന്നുണ്ട്.
അതിനിടെ ഖത്വറിലേക്കുള്ള യാത്രാമാര്‍ഗം തുറന്നതോടെ അതുവഴി മടങ്ങവരാന്‍ ശ്രമിക്കുന്നവരുണ്ട്. ഖത്വര്‍ ഓണ്‍ അറൈവല്‍ വിസ പുനഃസ്ഥാപിച്ചതാണ് പ്രവാസികള്‍ക്ക് തുണയായത്. താമസം, ഭക്ഷണം, വിസ, ടിക്കറ്റ് ഉള്‍പ്പെടെ പാക്കേജ് ലഭ്യമാക്കുന്ന ഏജന്‍സികള്‍ സജീവമാണ്. അതോടൊപ്പം അടിക്കടി നിയമങ്ങള്‍ മാറിമറിയാന്‍ സാധ്യത യുള്ളതിനാല്‍ ഇതുവഴി യാത്ര ചെയ്യുന്നവരും ജാഗ്രത കാണിക്കേണ്ടതുണ്ടെന്നാണ് ട്രാവല്‍ മേഖലയില്‍ പ്രവര്‍ത്തിക്കുന്നവര്‍ വ്യക്തമാക്കുന്നത്.
അതേസമയം, യാത്രാ വിലക്ക് നീക്കിയാല്‍ മടങ്ങിയെത്തുന്നതിന് വാക്സീനേഷന് പൂര്‍ത്തിയാക്കിയാണ് പ്രവാസികളുടെ കാത്തിരിപ്പ്. കേരളത്തില്‍ പ്രവാസികളെ മുന്‍ഗണനാ വിഭാഗത്തില്‍ ഉള്‍പ്പെടുത്തിയിരുന്നു. സര്‍ട്ടിഫിക്കറ്റ് സംബന്ധമായ പ്രശ്നങ്ങളും പരിഹരിച്ച് വരികയാണ്. കൊവിഷീല്‍ഡ് വാക്സീനാണ് പ്രവാസികള്‍ക്ക് നല്‍കുന്നത്. അതേസമയം, തിരിച്ചുവരുന്നവര്‍ക്ക് ഒമാന്‍ ഇതുവരെ വാക്സീനേഷന് നിര്‍ബന്ധമാക്കിയിട്ടില്ല.
നാട്ടിലുള്ളവരില്‍ വിസാ കാലാവധി കഴിഞ്ഞവര്‍ക്ക് ഒമാനിലെ തൊഴിലുടമ വഴി വിസ പുതുക്കാന്‍ സാധിക്കുന്നുണ്ട്. ഇത് മടങ്ങിയെത്താന്‍ സാധിക്കാത്ത പ്രവാസികള്‍ക്ക് ഏറെ ആശ്വാസകരമാണ്.