spot_img
spot_img
HomeOMANതുടര്‍ച്ചയായി രണ്ടാം വര്‍ഷവും അവധിക്കാലം ആഘോഷിക്കാനാകാതെ പ്രവാസി വിദ്യാര്‍ത്ഥികള്‍

തുടര്‍ച്ചയായി രണ്ടാം വര്‍ഷവും അവധിക്കാലം ആഘോഷിക്കാനാകാതെ പ്രവാസി വിദ്യാര്‍ത്ഥികള്‍

വേനൽ അവധിക്കാലം കഴിയാൻ ഇനി ദിവസങ്ങൾ മാത്രം. ആഘോഷങ്ങളും കളിയാരവങ്ങളുമില്ലാതെ രണ്ടു മാസം കഴിച്ചുകൂട്ടുകയാണ് പ്രവാസി വിദ്യാർഥികൾ. കൊവിഡ് തീർത്ത പ്രതിസന്ധിയിൽ ഇത് തുടർച്ചയായ രണ്ടാം വർഷമാണ് അവധി ദിനങ്ങളും വീടിന്റെ ചുമരുകൾക്കുള്ളിൽ മാത്രമായി ഒതുങ്ങിക്കൂടുന്നത്.
അവധിക്കാലത്ത് നാട്ടിലേക്ക് പറക്കുന്നതാണ് പ്രവാസി കുടുംബങ്ങളുടെ രീതി. പക്ഷെ ഇത്തവണയും ഈ പതിവിന് കൊവിഡ് വില്ലനായി. ആവേശം കുറഞ്ഞുതുടങ്ങിയ ഓൺലൈൻ പഠനങ്ങളിൽ നിന്ന് ആശ്വാസം ലഭിച്ചുവെങ്കിലും അവധി ദിനങ്ങൾ ഉൾപ്പടെ ഒന്നര വർഷത്തിലേറെയായി വീടുകളിൽ തന്നെ കഴിഞ്ഞുകൂടുന്ന കുട്ടികൾ മാനസികമായി തളർന്നിരിക്കുകയാണ്.
പ്രവാസി കുട്ടികളെ ലക്ഷ്യം വെച്ചുള്ള സമ്മർ ക്യാമ്പുകളും പാഠ്യേതര വിഷയങ്ങളിലെ ഓൺലൈൻ കോഴ്‌സുകളും ട്യൂഷനുകളും സജീവമാണ്. കുട്ടികൾ വെറുതെ ഇരുന്നും ഗെയിം-ടിവി ആസ്വാദനത്തിലുമായി ഒതുങ്ങിപ്പോകുന്നത് ഒഴിവാക്കാൻ ഇത്തരം വിഷയങ്ങളിലായി വ്യാപൃതമാക്കുകയാണ് രക്ഷിതാക്കൾ.
ചിത്രരചന, സംഗീതം, കഥ-കവിത എഴുത്ത്, പ്രസംഗം, ഭാഷ തുടങ്ങിയവയിൽ അവധിക്കാലത്ത് ഓൺലൈൻ വഴി പരിശീലനം നേടിയത് നിരവധി വിദ്യാർഥികളാണ്. സൗജന്യമായി ഇത്തരം പരിശീലനങ്ങൾ നൽകുന്ന സംഘടനകളും വലിയ തുക ഫീസ് ഈടാക്കി കോഴ്‌സുകളായി നടത്തുന്ന സ്ഥാപനങ്ങളമുണ്ട്.
എങ്കിലും മണ്ണിലിറങ്ങിയുള്ള കളികളും കുടുംബത്തോടും കൂട്ടുകാരോടുമൊന്നിച്ചുള്ള യാത്രകളും വിദ്യാർഥികൾക്ക് നഷ്ടപ്പെടുകയാണ്. യാത്രാ നിയന്ത്രണങ്ങൾ തുടർച്ചയായതോടെ ദീർഘമായുള്ള അവധിക്കാല സഞ്ചാരങ്ങളും നഷ്ടമായി. കൊവിഡ് പേടിയിൽ കുട്ടികളെ പുറത്തിറക്കുന്നത് കഴിവതും ഒഴിവാക്കുകയാണ് രക്ഷിതാക്കൾ. ജോലിക്കാരായ രക്ഷിതാക്കൾ പകൽ സമയം കുട്ടികളെ തനിച്ചു വീട്ടിലാക്കി പോകേണ്ടതിന്റെ പ്രയാസവും അനുഭവിക്കുന്നു. എന്നാൽ, ഇതിനിടെ നാടണഞ്ഞവരായ കുട്ടികളും കുടുംബങ്ങളും ഏറെയുണ്ട്. ക്ലാസുകൾ പുനഃരാരംഭിക്കുന്നതും ഓൺലൈൻ വഴിയാണെന്നതാണ് ഇവരെ നാട്ടിലേക്ക് പറക്കാൻ അവസരമൊരുക്കിയത്. വിമാന സർവീസുകൾ പുനഃസ്ഥാപിച്ചാലും കുടുംബങ്ങൾ മടങ്ങിവരുന്നത് വൈകിയാകും.
അടുത്ത മാസം ആദ്യത്തോടെയാണ് ഇന്ത്യന്‍ സ്‌കൂളുകള്‍ ക്ലാസുകള്‍ക്ക് പുനഃരാരംഭിക്കുന്നത്. വ്യത്യസ്ത ദിവസങ്ങളിലാണ് വിവിധ സ്‌കൂളുകള്‍ തുറക്കുന്നത്. അവധിക്ക് ശേഷവും ഓണ്‍ലൈന്‍ പഠനം തുട രാനാണ് സ്‌കൂളുകള്‍ തീരുമാനിച്ചിരിക്കുന്നത്. രാജ്യത്ത് നിലവില്‍ ചെറിയ ക്ലാസുകളില്‍ കുട്ടികള്‍ക്ക് സ്‌കൂളിലെത്താന്‍ അനുമതിയില്ല. അതേസമയം, ഇന്ത്യൻ സ്‌കൂളുകളിലെ 10, 12 ബോർഡ് എക്‌സാം ക്ലാസുകളിലെ വിദ്യാർഥികൾക്ക് ഓൺലൈൻ ആയി ചില സ്‌കൂളുകളിൽ ക്ലാസുകൾ നടന്നുവരുന്നുണ്ട്.

RELATED ARTICLES

Most Popular

Recent Comments

You cannot copy content of this page
%d bloggers like this: