OMANOMAN SPECIAL
മസ്കത്തിന്റെ മുഖച്ഛായ മാറ്റാന്‍ മെട്രോ വരുന്നു

ഒമാന്‍ തലസ്ഥാനത്തെ ലോകോത്തര നഗരിയാക്കാന് പുതിയ ഗാല സെന്‍ട്രല്‍ ബിസിനസ് ഡിസ്ട്രിക്ടും ലൈറ്റ് മെട്രോ റെയിലും. സീബിനെയും റൂവിയെയും ബന്ധിപ്പിക്കുന്നതാകും ലൈറ്റ് മെട്രോ റെയില്‍. ഒമാന്‍ നാഷണല്‍ സ്പാഷ്യല് സ്ട്രാറ്റജി (ഒ എന്‍ എസ് എസ്)യിലാണ് ഈ വികസന പദ്ധതികള്‍ ഉള്‍ക്കൊള്ളിച്ചത്. അടുത്ത 20 വര്‍ഷത്തേക്ക് രാജ്യത്തിന്റെ സുസ്ഥിര വികസനത്തിനുള്ള ദേശീയ ചട്ടക്കൂട് ആണ് ഒ എന്‍ എസ് എസ്.
രാജ്യത്തിന്റെ അമൂല്യമായ പ്രകൃതി- സാംസ്കാരിക സ്രോതസ്സുകള്‍ പരിരക്ഷിച്ച് സാമൂഹിക- സാമ്പത്തിക വികസനം സാധ്യമാക്കുന്ന പദ്ധതികളാണ് ഇതുപ്രകാരമുണ്ടാകുക. ഒമാന്‍ വിഷന്‍ 2040ന്റെ ദേശീയ ലക്ഷ്യങ്ങളും മുന്‍ഗണനകളും അനുസരിച്ചാണിത്. പാര്‍പ്പിട, നഗരാസൂത്രണ മന്ത്രാലയം ഇതുസംബന്ധിച്ച് വിവിധ സംരംഭങ്ങള്‍ സംഘടിപ്പിക്കും. അടുത്ത 20 വര്‍ഷത്തേക്ക് നിക്ഷേപ പദ്ധതികളും മറ്റും നടപ്പാക്കും. ഓരോ ഗവര്‍ണറേറ്റിലേക്കും നാല് പഞ്ചവത്സര പദ്ധതികളായി ഇവ വിഭജിച്ചിട്ടുണ്ട്.
ഒ എന്‍ എസ് എസ് പ്രകാരമുള്ള വിവിധ പ്രധാന പദ്ധതികളില്‍ മസ്കത്ത് ഗവര്ണറേറ്റിലുള്ളത് ട്രെയിനും ലൈറ്റ് മെട്രോയുമാണ്. അല്‍ സീബ്- സുഹാര്‍ എന്നിവിക്കിടയിലാണ് യാത്രാ ട്രെയിന്‍ സര്‍വീസ് നിലവില്‍ വരിക. വിവിധ സേവന കേന്ദ്രങ്ങളുടെ അടിസ്ഥാനത്തില്‍ കൂടുതല്‍ സന്തുലിത വികസനം നേടാനാണ് നഗര കര്‍മപദ്ധതി ലക്ഷ്യംവെക്കുന്നത്. വിവിധ കേന്ദ്രങ്ങളില്‍ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുന്നതിന് ഇത് സഹായിക്കും. മാത്രമല്ല, നഗരങ്ങളിലേക്കും ചെറുപട്ടണങ്ങളിലേക്കുമുള്ള ആഭ്യന്തര കുടിയേറ്റം കുറക്കാനുമാകും. വൈവിധ്യവത്കൃത സാമ്പത്തിക അടിത്തറ ലക്ഷ്യമിട്ടാണ് ഗ്രേറ്റര്‍ മസ്കത്ത് സ്ഥാപിക്കുക. ബര്‍ക ഉള്പ്പെടുത്തിയാകുമിത്. ലോജിസ്റ്റിക്സും ടൂറിസം മേഖലകളും ഉള്‍പ്പെടുന്ന സാമ്പത്തിക, വിജ്ഞാന, നൂതനത്വ സമ്പദ്ഘടനയുണ്ടാകും. പ്രകൃതി സവിശേഷത, ജീവിക്കാനും തൊഴിലെടുക്കാനും ജനങ്ങളെ ആകര്‍ഷിക്കുന്നത് തുടങ്ങിയ പ്രത്യേകതകളാല്‍ ജി സി സി അടിസ്ഥാനത്തില്‍ തന്നെ മാതൃകയായി തീരുകയാണ് ഈ നഗരം.
കര്‍ശന നിയന്ത്രണങ്ങളോടെ ഖനനം അനുവദിക്കുന്നത് ഇക്കോടൂറിസത്തെ പ്രോത്സാഹിപ്പിക്കും. പരിസ്ഥിതി ഗവേഷണ കേന്ദ്രങ്ങള്‍ സ്ഥാപിക്കല്‍, വാദികള്‍ പൊതു പാര്ക്കുകളാക്കല്, സ്വകാര്യ വാഹനങ്ങളും നടത്തവും കുറക്കുന്ന തരത്തില്‍ വിവിധ ഗതാഗത രീതികള്‍ കൊണ്ടുവരല്‍ എന്നിയവുമുണ്ടാകും. ഗ്രേറ്റര്‍ സിറ്റികള്‍ അവതരിപ്പിക്കുന്നത് സാമ്പത്തിക പ്രവേശന മാര്‍ഗങ്ങളെന്ന നിലയില്‍ ഉയരാനും വികസനത്തിന്റെ പ്രധാന ചാലകങ്ങളായി വര്‍ത്തിക്കുകയും ചെയ്യും.
ഈ നഗരങ്ങളിലെ സാമ്പത്തിക, ജനസംഖ്യാ വളര്‍ച്ച കാരണം നഗര വിസ്തൃതി വിപുലപ്പെടുത്തേണ്ടത് അനിവാര്യമാണ്. അങ്ങനെ തൊട്ടടുത്ത ജനവാസ കേന്ദ്രങ്ങളുമായി സംയോജിക്കാന്‍ ഇടവരുന്നു. ഇതിലൂടെ ഗ്രേറ്റര്‍ മസ്കത്ത്, ഗ്രേറ്റര്‍ സലാല, ഗ്രേറ്റര്‍ സുഹാര്‍, ഗ്രേറ്റര്‍ നിസ്വ പോലുള്ള ഗ്രേറ്റര്‍ സിറ്റികള്‍ രൂപം കൊള്ളും. ആത്യന്തികമായി ഈ നഗരങ്ങള്‍ ഉന്നത നിലവാരത്തിലുള്ള സേവനങ്ങള്‍ നല്‍കും. നൂതനത്വം, ഉത്പാദനക്ഷമത, ഉന്നത വിദ്യാഭ്യാസം തുടങ്ങിയവയുടെ കേന്ദ്രങ്ങളായി മാറുകയും ചെയ്യും.