OMANOMAN SPECIAL

സായാഹ്ന ലോക്ക്ഡൗണില്‍ പ്രതിസന്ധിയിലായത് ചെറുകിട കച്ചവടക്കാര്‍; ഉടന്‍ മാറ്റം വരുമെന്ന് പ്രതീക്ഷ

ലോക്ക്ഡൗൺ നിയന്ത്രണങ്ങൾ തുടരുന്നതിനിടെ ആശങ്ക പങ്കുവെച്ച് വ്യാപാരികൾ. ചെറുകിട, ഇടത്തരം കച്ചവട സ്ഥാപനങ്ങൾ മുതൽ ഹൈപ്പർ മാർക്കറ്റുകൾ വരെ വൈകുന്നേരങ്ങളിൽ അടച്ചിടേണ്ടിവരുന്നത് വ്യാപാരികൾക്ക് തിരിച്ചടിയാവുകയാണ്.
നിലവിൽ വൈകീട്ട് അഞ്ച് മുതൽ പുലർച്ചെ നാല് വരെയാണ് ലോക്ക്ഡൗൺ. ഈ സമയങ്ങളിൽ വാണിജ്യ സ്ഥാപനങ്ങൾ പൂർണമായും അടച്ചിടണം. ആളുകൾക്ക് പുറത്തിറങ്ങുന്നതിനും വിലക്കുണ്ട്. ഈ മാസം 31 വരെ നിയന്ത്രണം തുടരുമെന്നാണ് സുപ്രീം കമ്മിറ്റി പ്രഖ്യാപനം. എന്നാൽ, ഇതിന് ശേഷവും ലോക്ക്ഡൗൺ ദിനങ്ങൾ ദീർഘിപ്പിക്കില്ലെന്ന പ്രതീക്ഷയിലാണ് കച്ചവടക്കാർ.
പ്രധാനമായും ഉപഭോക്താക്കളെത്തുന്ന സമയം വൈകുന്നേരങ്ങളിലാണ്. ജോലി കഴിഞ്ഞും മറ്റും ആളുകൾ പുറത്തിറങ്ങുന്ന സമയം കടകൾ അടച്ചിടേണ്ടിവരുന്നത് കച്ചവടം കുറയാൻ ഇടയാക്കുന്നു. പകൽ സമയങ്ങളിലും വലിയ തോതിൽ ഉപഭോക്താക്കളെത്തുന്നില്ല.
വൈകീട്ട് അഞ്ച് മണിക്ക് മുമ്പ് കടകൾ അടയ്‌ക്കേണ്ടതിനാൽ മൂന്ന് മണിയോടെ ഒരുമിച്ച് ഉപഭോക്താക്കൾ എത്തുന്നതും പ്രയാസം സൃഷ്ടിക്കുന്നു.
വൈകുന്നേര സമയങ്ങളിൽ കടകൾ തുറക്കാതിരിക്കുന്നത് ഉപഭോക്താക്കൾക്കും തിരിച്ചടിയാവുകയാണ്. അവശ്യ വസ്തുക്കൾ ലഭിക്കാൻ ഈ സമയങ്ങളിൽ പ്രയാസം നേരിടുന്നു. പകൽ സമയത്തെ ഉയർന്ന താപനിലയും ശക്തമായ ചൂടും മൂലം ഉപഭോക്താക്കൾ പുറത്തിറങ്ങാൻ മടിക്കുന്നു.
ജൂലൈ 31ന് ശേഷം സാധാരണ സമയക്രമത്തിൽ കടകൾ തുറന്നു പ്രവർത്തിക്കാൻ സാധിക്കുമെന്ന് പ്രതീക്ഷിക്കുന്നതായി റൂവിയിൽ ചെറുകിട കച്ചവടം നടത്തുന്ന കണ്ണൂർ സ്വദേശി മുനീർ പറഞ്ഞു. അധികൃതർ നിർദേശിക്കുന്ന മുഴുവൻ കൊവിഡ് സുരക്ഷാ മാനദണ്ഡങ്ങളും പാലിച്ചാണ് കടകൾ തുറക്കുന്നതെന്നും കൂടുതൽ സമയം ലഭിക്കുമ്പോൾ അവസാന സമയങ്ങളിലെ ഉപഭോക്താക്കളുടെ തിരക്ക് ഒഴിവാക്കാൻ സാധിക്കുമെന്നും വ്യാപാരികൾ പറയുന്നു.

Related Articles

Close
%d bloggers like this: