OMANOMAN SPECIAL
പ്രവാസി ഇന്ത്യക്കാരുടെ മിനിമം വേതനം കേന്ദ്ര സര്‍ക്കാര്‍ പുനഃസ്ഥാപിച്ചു

ഗള്‍ഫ് രാജ്യങ്ങളിലെ പ്രവാസി ഇന്ത്യക്കാരുടെ മിനിമം റഫറല്‍ വേതന സംവിധാനം കേന്ദ്ര സര്‍ക്കാര്‍ പുനഃസ്ഥാപിച്ചു. ഗള്‍ഫ് മേഖലയിലെ കൊവിഡ് പ്രതിസന്ധി ചൂണ്ടിക്കാട്ടി കേന്ദ്ര സര്‍ക്കാര്‍ മിനിമം വേതനം കുറച്ചുകൊണ്ട് കഴിഞ്ഞ വര്‍ഷം സെപ്തംബറിലാണ് സര്‍ക്കുലര്‍ പുറത്തിറക്കിയത്. ഈ ഉത്തരവ് പിന്‍വലിച്ചതായി വി മുരളീധരന് രാജ്യസഭയില്‍ അറിയിച്ചു.
2020 സെപ്തംബറില്‍ ഇറക്കിയ ഉത്തരവുകള്‍ അനുസരിച്ച്, ഒമാന്‍, ബഹ്റൈന്‍, ഖത്വര്‍, യു എ ഇ, കുവൈത്ത്, സഊദി അറേബ്യ എന്നിവിടങ്ങളിലെ മിനിമം വേതനം കുറച്ച് പുനഃക്രമീകരണം നടത്തിയിരുന്നു. ഇതുപ്രകാരം നേരത്തെ ഉണ്ടായിരുന്ന മിനിമം ശമ്പളത്തില്‍ നിന്ന് 30 ശതമാനം മുതല്‍ 50 ശതമാനം വരെ കുറവുണ്ടായി.
എന്നാല്‍, ഈ ഉത്തരവ് പ്രവാസികളുടെ വരുമാനത്തെ ബാധിക്കുകയും ചെയ്തു. ഇതിനെതിരെ വിവിധ കേന്ദ്രങ്ങളില്‍ നിന്ന് പ്രതിഷേധം ഉയരുകയും ചെയ്തിരുന്നു. ഉത്തരവ് പിന്‍വലിക്കണമെന്ന് പ്രവാസി സാമൂഹിക പ്രവര്‍ത്തകരും സംഘടനകളും കേന്ദ്ര സര്‍ക്കാറിനോട് അഭ്യര്‍ത്ഥിച്ചിരുന്നു. കൊവിഡ് സാഹചര്യത്തില്‍ ഇന്ത്യക്കാര്‍ക്ക് തൊഴില്‍ നഷ്ടം ഉണ്ടാവുന്നത് ഒഴിവാക്കുക എന്ന ലക്ഷ്യത്തിലാണ് മിനിമം വേതനം കുറഞ്ഞതെന്നായിരുന്നു സര്‍ക്കാര്‍ വൃത്തങ്ങള്‍ നല്കിയ വിശദീകരണം.
ഇതോടെ ഔദ്യോഗികമായി 2020 സെപ്തംബറിന് മുമ്പുള്ള മിനിമം വേതനം വീണ്ടും പ്രാബല്യത്തിലായി.
മിനിമം വേതനം കുറച്ച നടപടിക്കെതിരെ തെലങ്കാന ഗള്‍ഫ് വര്‍ക്കേഴ്സ് ജോയിന്റ് ആക്ഷന്‍ കമ്മിറ്റി നല്കിയ പൊതു താത്പര്യ ഹരജി പരിഗണിക്കുമ്പോള്‍ ഹൈക്കോടതിയില്‍ കേന്ദ്ര സര്‍ക്കാറിന് വേണ്ടി ഹാജരായ അഭിഭാഷകന് 2020 സെപ്തംബറില്‍ ഇറക്കിയ സര്‍ക്കുലര്‍ പിന്‍വലിച്ചതിന്റെ ഓര്‍ഡര്‍ കോടതിയില്‍ ഹാജരാക്കി.