OMANOMAN SPECIAL

12 വയസിന് മുകളിലുള്ള കുട്ടികൾക്ക് വാക്‌സീനേഷൻ അടുത്ത ആഴ്ച മുതൽ

ഒമാനിൽ പുതിയ രോഗ വ്യാപനം കൂടുതൽ ഡെൽറ്റ വകഭേദം മൂലമെന്ന് ആരോഗ്യ മന്ത്രി ഡോ. അഹമദ് ബിൻ മുഹമ്മദ് അൽ സഈദി. 12 വയസിനും 18നും ഇടയിൽ പ്രായമുള്ള കുട്ടികൾക്ക് വാക്‌സീനേഷൻ അടുത്ത ആഴ്ചയിൽ തുടക്കം കുറിക്കും. ലോക്ക്ഡൗൺ നിയന്ത്രണങ്ങൾ കൊവിഡ് വ്യാപനം കുറയാൻ സഹായകമായെന്നും ഒമാൻ ടിവിക്ക് അനുവദിച്ച അഭിമുഖത്തിൽ മന്ത്രി പറഞ്ഞു.
രാജ്യത്തെ കൊവിഡ് സുരക്ഷാ നിയന്ത്രണങ്ങൾ സംബന്ധിച്ച് ഇന്ന് ചേരുന്ന സുപ്രീം കമ്മിറ്റി യോഗം ചർച്ച ചെയ്യും. നിയന്ത്രണങ്ങൾ മൂലമുണ്ടാകുന്ന സാമ്പത്തിക-സാമൂഹിക പ്രതിസന്ധികളെ കുറിച്ച് തങ്ങൾ ബോധവാൻമാരാണ്. നിയന്ത്രണങ്ങൾ ഉൾപ്പടെയുള്ള നടപടികൾ തുടരുന്നത് സംബന്ധിച്ച് സുപ്രീം കമ്മിറ്റി വിലയിരുത്തും.
കുട്ടികളിൽ വാക്‌സീനേഷൻ പൂർത്തീകരിച്ച ശേഷം മാത്രമെ സ്‌കൂളുകൾ തുറന്നു പ്രവർത്തനം ആരംഭിക്കുകയുള്ളൂ. അടുത്ത സെമസ്റ്ററോടെ വിദ്യാർഥികൾക്ക് സ്‌കൂളുകളിൽ തിരിച്ചെത്താൻ സാധിച്ചേക്കും. 12നും 18നും ഇടയിൽ പ്രായക്കാരായ ആൺക്കുട്ടികളും പെൺകുട്ടികളുമായി മൂന്ന് ലക്ഷത്തിൽ പരം (320,000) വിദ്യാർഥികളാണ് രാജ്യത്തുള്ളത്. ആരോഗ്യ മന്ത്രാലയവും വിദ്യാഭ്യാസ മന്ത്രാലയവും ചേർന്ന് വിദ്യാർഥികൾക്ക് വാക്‌സീൻ ലഭ്യമാക്കുന്നതിന് സംവിധാനമൊരുക്കും.
പ്രവേശന വിലക്ക് ഏർപ്പെടുത്തുന്നതിന് ഓരോ രാജ്യത്തിനും പ്രത്യേകം മാനണ്ഡങ്ങളുണ്ടെന്ന് മന്ത്രി പറഞ്ഞു. 30ൽ പരം രാജ്യങ്ങളിൽ നിന്നുള്ളവർക്കാണ് ഒമാൻ വിലക്ക് ഏർപ്പെടുത്തിയത്. എന്നാൽ മറ്റു പല രാജ്യങ്ങളെയും പട്ടികയിൽ ഉൾപ്പെടുത്തിയിട്ടില്ലെന്നും ആരോഗ്യ മന്ത്രി വ്യക്തമാക്കി.
രാജ്യത്ത് കൊവിഡ് സാഹചര്യത്തില്‍ ആരോഗ്യ സംവിധാനങ്ങള്‍ വര്‍ധിപ്പിച്ചതായി മന്ത്രി പറഞ്ഞു. 150ല്‍ താഴെ ഐ സി യു ബെഡുകളാണ് രാജ്യത്തുണ്ടായിരുന്നത്. നിലവില്‍ 530 ബെഡുകളായി ഉയര്‍ത്തി.
ആളുകളുടെ ഒത്തുചേരലുകൾ കൊവിഡ് വ്യാപനത്തിന് വഴിവെക്കുന്നു. നിലവിൽ കൊവിഡ് കണക്കുകളിലുണ്ടായ കുറവ് ഭാഗിക ലോക്ക്ഡൗണിന്റെ ഫലമാണ്. സമ്പൂർണ ലോക്ക്ഡൗൺ മൂലമുണ്ടായ രോഗ നിയന്ത്രണം 10 മുതൽ 14 ദിവസത്തിനകം വ്യക്തമാകുമെന്നും മന്ത്രി ഡോ. അഹമദ് ബിൻ മുഹമ്മദ് അൽ സഈദി കൂട്ടിച്ചേർത്തു.

Related Articles

Close
%d bloggers like this: