OMANOMAN SPECIAL

പ്രവാസികളുടെ മടങ്ങിവരവ്: കേരളത്തെ പഴിചാരി കേന്ദ്ര മന്ത്രി. പ്രവാസികളുടെ മടക്കയാത്രക്ക് നയതന്ത്ര ഇടപെടൽ നടത്തുമെന്നും കേന്ദ്ര വിദേശകാര്യ മന്ത്രി

പ്രവാസികളുടെ ഗൾഫ് രാജ്യങ്ങളിലേക്കുള്ള മടങ്ങിവരവ് വൈകുന്നത് കേരളത്തിലെ കൊവിഡ് വ്യാപനം മൂലമെന്ന് കേന്ദ്ര വിദേശകാര്യ മന്ത്രി എസ് ജയശങ്കർ അറിയിച്ചതായി എൻ കെ പ്രേമചന്ദ്രൻ എം പി വ്യക്തമാക്കി. പ്രവാസികളുടെ മടക്കയാത്രക്ക് സത്വരമായ നയതന്ത്ര ഇടപെടൽ നടത്തുമെന്ന് മന്ത്രി എസ് ജയശങ്കർ ഉറപ്പുനൽകി.
പ്രവാസികളുടെ മടക്കയാത്രയ്ക്കായി ഉടൻ ഇടപെടൽ നടത്തണമെന്ന് ആവശ്യപ്പെട്ടു യു ഡി എഫ് എം പിമാർ കേന്ദ്ര വിദേശകാര്യ മന്ത്രിയെ കണ്ട വേളയിലാണ് മന്ത്രി ഇക്കാര്യം സൂചിപ്പിച്ചതെന്നും എൻ കെ പ്രേമചന്ദ്രൻ സമൂഹ മാധ്യമത്തിൽ പറഞ്ഞു.
കേരളത്തിലെ അനിയന്ത്രിതമായ കോവിഡ് രോഗ വ്യാപനമാണ് വിദേശരാജ്യങ്ങളിലെ നിയന്ത്രണങ്ങൾക്ക് പ്രധാന കാരണമെന്നും കോവിഡ് രോഗ വ്യാപനം നിയന്ത്രിക്കുന്നതിനുളള ശാസ്ത്രീയമായ മാർഗങ്ങൾ ഊർജ്ജിതപ്പെടുത്തണമെന്നും മന്ത്രി പറഞ്ഞതായും പ്രേമചന്ദ്രൻ വ്യക്തമാക്കി.
എൻ കെ പ്രേമചന്ദ്രൻ എം പിയുടെ പോസ്റ്റിൽ നിന്ന്
കോവിഡ് നിയന്ത്രണങ്ങളെ തുടർന്ന് പ്രവാസികൾ അനുഭവിക്കുന്ന ബുദ്ധിമുട്ട് പരിഹരിക്കാൻ സത്വരമായ നയതന്ത്ര ഇടപെടലുകൾ നടത്തണമെന്നാവശ്യപ്പെട്ട് എൻ കെ പ്രേമചന്ദ്രൻ എം പി യുടെ നേതൃത്വത്തിൽ എം.പിമാരായ ബെന്നി ബെഹ്നാൻ, ആൻറോ ആൻറണി, ഡീൻ കുര്യാക്കോസ് എന്നിവരടങ്ങുന്ന നിവേദനസംഘം കേന്ദ്ര വിദേശകാര്യ മന്ത്രി സുബ്രഹ്മണ്യം ജയശങ്കറിനെ നേരിൽ കണ്ട് ചർച്ച നടത്തി. കേരളത്തിലെ അനിയന്ത്രിതമായ കോവിഡ് രോഗ വ്യാപനമാണ് വിദേശരാജ്യങ്ങളിലെ നിയന്ത്രണങ്ങൾക്ക് പ്രധാന കാരണമെന്നും, കോവിഡ് രോഗ വ്യാപനം നിയന്ത്രിക്കുന്നതിനുളള ശാസ്ത്രീയമായ മാർഗ്ഗങ്ങൾ ഊർജ്ജിതപ്പെടുത്തണമെന്നും മന്ത്രി അഭിപ്രായപ്പെട്ടു. പ്രവാസികളുടെ പ്രശ്‌നങ്ങൾക്ക് പരിഹാരം കണ്ടെത്തുന്നതിനുളള നടപടികൾ സ്വീകരിക്കുമെന്നും മന്ത്രി ഉറപ്പു നൽകി.
കോവിഡിനെ തുടർന്ന് നാട്ടിൽ മടങ്ങിയെത്തിയ പ്രവാസികൾക്ക് ജോലി സ്ഥലത്ത് മടങ്ങിപോകാൻ കഴിയാത്ത നിയന്ത്രണങ്ങളാണ് പല വിദേശരാജ്യങ്ങളും ഏർപ്പെടുത്തിയിട്ടുളളത്. വിദേശ രാജ്യങ്ങളിലേയ്ക്കുളള യാത്രാവിലക്ക്, രാജ്യത്ത് പ്രവേശിക്കുന്നതിനുളള നിരോധനം, വിമാനസർവ്വീസുകളുടെ അഭാവം, താങ്ങാനാവാത്ത വിമാന ചാർജ്ജ്, കോവീഷീൽഡ്, കോവാക്‌സിൻ വാക്‌സിനുകൾക്ക് അംഗീകാരമില്ലാത്തത്, ഇന്ത്യയിൽ വിതരണം ചെയ്യുന്ന സർട്ടിഫിക്കറ്റുകളിൽ വീണ്ടും സാക്ഷ്യപ്പെടുത്തണമെന്ന ആവശ്യം, വാക്‌സിനേഷൻ സർട്ടിഫിക്കറ്റുകൾ ഓൺലൈനായി സമർപ്പിക്കാൻ കഴിയാത്ത വിധമുളള പോർട്ടൽ തകരാറുകൾ, വിസ കാലഹരണപ്പെടൽ, യാത്രാനിയന്ത്രണവും പ്രവേശന നിരോധനവും മൂലം ജോലിയിൽ പ്രവേശിക്കാൻ കഴിയാത്തതിനാൽ ഉണ്ടാകുന്ന കാലതാമസ്സത്തിന് തൊഴിൽ നിഷേധിക്കൽ തുടങ്ങി പ്രശ്‌നങ്ങൾ ശ്രദ്ധയിൽപ്പെടുത്തി…
അതേസമയം, മാസങ്ങൾ മൂന്ന് പിന്നിട്ടിട്ടും യാത്രാ വിലക്ക് പിൻവലിക്കാതിരിക്കുന്നത് പ്രവാസികളിൽ ആശങ്ക വർധിപ്പിക്കുകയാണ്. ഓരോ ദിവസവും ഒമാൻ അധികൃതരുടെ ഔദ്യോഗിക അറിയിപ്പിനായി കാത്തിരിക്കുകയാണ് പ്രവാസികൾ. തൊഴിലാളികൾ, കട ഉടമകൾ, കുടുംബങ്ങൾ, വിദ്യാർഥികൾ തുടങ്ങി നൂറുകണക്കിന് പ്രവാസികളാണ് നാട്ടിൽ കുടുങ്ങിക്കിടക്കുന്നത്. അവധിക്ക് നാട്ടിലേക്ക് പോയവരാണ് തിരിച്ചെത്താൻ കാത്തിരിക്കുന്നത്.
തിരിച്ചെത്താൻ വൈകിയാൽ പലരെയും കാത്തിരിക്കുന്നത് വിവിധ പ്രയാസങ്ങളാണ്. ജോലി നഷ്ടപ്പെടുന്നവർ, വിസാ കാലവധി കഴിയുന്നവർ, ലൈസൻസ്, വാഹന ഇൻഷ്വറൻസ് പുതുക്കാനുള്ളവർ തുടങ്ങി നിരവധി പേരാണ് അതിവേഗം തിരിച്ചെത്താൻ കാത്തിരിക്കുന്നത്. കേരള-കേന്ദ്ര സർക്കാറുകൾ ഇടപെട്ട് അടിയന്തര പരിഹാരം കാണണമെന്ന് പ്രവാസികളുടെ ആവശ്യം ശക്തമാവുകയാണ്.

Related Articles

Close
%d bloggers like this: