OMANOMAN SPECIAL
മസ്കത്ത് – ജിദ്ദ വിമാന സർവീസുകൾ വീണ്ടും സജീവമാകുന്നു

കൊവിഡ്-19 നിയന്ത്രണങ്ങളെ തുടർന്ന് നിർത്തിവെച്ച ഉംറ തീർഥാടനം പുനഃരാരംഭിച്ചതിന് പിന്നാലെ ഒമാനിൽ നിന്നുള്ള വിശ്വാസികളും സഊദിയിലേക്ക് യാത്ര തിരിക്കുന്നു. മാസങ്ങൾക്ക് ശേഷം വീണ്ടും ഉംറക്ക് അവസരം ലഭിച്ചതിന്റെ സന്തോഷത്തിലാണ് വിശ്വാസികൾ. ഉംറ വിസ ബുക്കിംഗ് നടപടികളും സഊദി എംബസികളും ആരംഭിച്ചു കഴിഞ്ഞു.
മുഹർറം ഒന്ന് (ആഗസ്ത് 9) മുതൽ സഊദിയിൽ നിന്ന് പുറത്തുള്ളവർക്കും ഉംറക്ക് അനുമതി നൽകുമെന്ന് കഴിഞ്ഞ ദിവസാണ് സഊദി ഹജ്ജ്-ഉംറ മന്ത്രാലയം അറിയിച്ചത്. കർശന ആരോഗ്യ സുരക്ഷാ മാനദണ്ഡങ്ങൾ പാലിച്ചായിരിക്കും ഉംറക്ക് അനുമതി നൽകുക.
18ന് മുകളിൽ പ്രായമുള്ളവർക്കാണ് ഉംറക്ക് അവസരം. സഊദി അംഗീകരിച്ച ഫൈസർ, ആസ്ട്രാസെനക, ജോൺസൺ ആന്റ് ജോൺസൻ, മൊഡേണ എന്നീ വാക്സീനുകളിലൊന്ന് സ്വീകരിച്ചിരിക്കണം. രണ്ട് ഡോസ് വാക്സീനേഷനും പൂർത്തിയാക്കണം. രണ്ടാമത് ഡോസ് സ്വീകരിച്ച് 14 ദിവസത്തിന് ശേഷമാണ് ഉംറക്ക് അനുമതി ലഭിക്കുക. വാക്സീനേഷൻ പൂർത്തിയാക്കിയവർക്ക് ജിദ്ദയിൽ ഹോട്ടൽ ക്വാറന്റൈൻ നിർബന്ധമില്ല.
മസ്കത്തിൽ നിന്ന് ഒമാൻ എയർ ജിദ്ദയിലേക്ക് സർവീസ് നടത്തുന്നുണ്ട്. ആഗസ്ത് 11, 14 തീയതികളിൽ 125 റിയാലാണ് ടിക്കറ്റ് നിരക്ക്. നേരിട്ട് സഊദിയിലേക്ക് പ്രവേശന വിലക്കുള്ള രാജ്യങ്ങളിൽ നിന്നുള്ളവർക്ക് അമുവദനീയമായ രാജ്യത്തിലൂടെ സഊദിയിലെത്താം. ആരോഗ്യ മന്ത്രാലയം ആപ്ലിക്കേഷനിൽ രജിസ്ട്രേഷൻ ഉൾപ്പടെ മറ്റു നടപടികളും പൂർത്തിയാക്കണം.
ഒമാനിൽ നിന്ന് ഉംറ പാക്കേജുകളും മറ്റും വ്യാപകമായി പ്രഖ്യാപിക്കപ്പെട്ടിട്ടില്ല. വിശ്വാസികൾ നേരിട്ട് വിസാ നടപടികൾ പൂർത്തിയാക്കി വിമാന ടിക്കറ്റും ഹോട്ടൽ മുറിയും ബുക്ക് ചെയ്തും മറ്റ് കൊവിഡ് മാനദണ്ഡങ്ങൾ പാലിച്ചുമാണ് യാത്രക്കൊരുങ്ങുന്നത്. കൊവിഡ് വാക്സീനേഷൻ പുരോഗമിക്കുന്നതിനാൽ വരും നാളുകളിൽ പാക്കേജുകളും പ്രഖ്യാപിക്കപ്പെടുമെന്ന് ട്രാവൽ ഏജൻസികൾ പറയുന്നു.