OMANOMAN SPECIAL
മലയാളി സംരംഭകരുടെ നേതൃത്വത്തില്‍ ഒമാനില്‍ ആദ്യ ബയോ ഡീസല്‍ പ്ലാന്റ് വരുന്നു

പാചകം ചെയ്ത ഭക്ഷ്യ എണ്ണ ശേഖരിച്ച് ബയോ ഡീസലാക്കുന്ന സംരംഭം ഒമാനിലേക്കും. മലയാളികളുടെ നേതൃത്വത്തിലുള്ള കമ്പനികളാണ് ഒമാനിലെ ആദ്യ ബയോ ഡീസൽ പ്ലാന്റ് സ്ഥാപിക്കുന്നത്. എറിഗോ ഗ്രൂപ്പും നാച്ച്വറൽ ഫ്യുവൽസ് ഹോൾഡിംഗ് ലിമിറ്റഡും ചേർന്ന് ബർക വ്യവസായ മേഖലയിലാണ് പദ്ധതി യാതാർഥ്യാമാക്കുന്നതെന്ന് കമ്പനി ഡയറക്ടര്‍മാര്‍ വാർത്താ സമ്മേളനത്തിൽ പറഞ്ഞു.
സുൽത്താനേറ്റിൽ വൻകിട ഭക്ഷ്യ വിതരണ കമ്പനികളിലെയും ചെറുകിട റസ്റ്റോറന്റുകളിലെയും മറ്റും ഉപയോഗിച്ച് കഴിഞ്ഞ എണ്ണ ഇനി വെറുതെയാവില്ല. ഇവ ശേഖരിച്ച് ബർകയിലെ ബയോഡീസൽ പ്ലാന്റിൽ എത്തിക്കും. പാഴാവുന്ന എണ്ണയുടെ 95 ശതമാനത്തിലധികുവും ബയോ ഡീസൽ ആയി വീണ്ടും ഉപയോഗിക്കാനാകും. നിശ്ചിത തുക നൽകിയാണ് ഉപയോഗിച്ച എണ്ണ കമ്പനി ശേഖരിക്കുക.
ഒമാന്‍ പരിസ്ഥിതി സേവന വിഭാഗമായ ബീഹ് ഒമാന്റെ ക്ഷണം ലഭിച്ചതാണ് ഒമാനിലും ബയോ ഡീസല്‍ പ്ലാന്റ് സ്ഥാപിക്കുന്നതെന്ന് കമ്പനി ഡയറക്ടര്‍മാര്‍ പറഞ്ഞു.
ഒമാനിൽ വർഷത്തിൽ എട്ട് ലക്ഷം ഗാലനിൽ പരം ഉപയോഗിച്ച എണ്ണ ശേഖരിക്കാനാകും. ഇവയിൽ നിന്ന് ഉത്പാദിപ്പിക്കുന്ന ബയോ ഡീസൽ യൂറോപ്പിലേക്ക് കയറ്റുമതി ചെയ്യും. എറിഗോ ഗ്രൂപ്പ് നിലവിൽ ഇന്ത്യ, ഖത്വർ, മലേഷ്യ, ടുണീഷ്യ, ഫിലിപ്പൈൻസ് എന്നിവിടങ്ങളിൽ ബയോ ഡീസൽ പ്ലാന്റ് വിജയകരമായി പ്രവർത്തിപ്പിച്ച് വരുന്നുണ്ട്.
കമ്പനി ഡയറക്ടർമാരായ നൗഷാദ് റഹ്മാൻ, മുഹമ്മദ് അഷ്റഫ് എന്നിവർ വാർത്താ സമ്മേളനത്തിൽ പങ്കെടുത്തു.