OMANOMAN SPECIAL
ഒമാനില്‍ നെറ്റ്വര്‍ക്ക് മാര്‍ക്കറ്റിംഗും പിരമിഡ് സ്കീമും നിരോധിച്ചു; നിയമ ലംഘകര്‍ 5,000 റിയാല്‍ പിഴയൊടുക്കേണ്ടിവരും

വിവാദമായ പിരമിഡ് സ്കീമും നെറ്റ്വര്ക് മാര്‍ക്കറ്റിംഗും നിരോധിച്ച് ഒമാന്‍. ലംഘകര്‍ക്ക് 5,000 ഒമാനി റിയാല്‍ ആണ് പിഴ. നെറ്റ് വര്‍ക്ക് മാര്‍ക്കറ്റിംഗിലൂടെയും പിരമിഡ് സ്കീമിലൂടെയും ഉത്പന്നങ്ങളും സേവനങ്ങളും വില്‍ക്കുന്നതും പരസ്യം ചെയ്യുന്നതും പ്രചരിപ്പിക്കുന്നതും നിരോധിച്ചതായി വാണിജ്യ മന്ത്രി ഖൈസ് ബിന്‍ മുഹമ്മദ് അല്‍ യൂസുഫിന്റെ ഉത്തരവില്‍ പറയുന്നു.
ഉപഭോക്താക്കള്‍ മുഖേന മറ്റ് ഉപഭോക്താക്കള്‍ക്ക് ഒരു ഉത്പന്നം കമ്പനിയോ വ്യക്തികളോ വില്‍ക്കുന്നതാണ് പിരമിഡ് സ്കീം. മറ്റ് ഉപഭോക്താക്കള്‍ ഈ ഉത്പന്നം വാങ്ങുമ്പോള്‍ അതിന്റെ ലാഭത്തിലൊരംശം ആദ്യ ഉപഭോക്താവിന് ലഭിക്കും. ഇങ്ങനെ ശൃംഖലകളായി ഉത്പന്നം വില്‍ക്കുന്നതും ലാഭം പങ്കിടുന്നതുമായ രീതിയാണിത്. ഇങ്ങനെ ഉപഭോക്താക്കളുടെ വലിയൊരു ശൃംഖല സൃഷ്ടിച്ച് പണം സമാഹരിച്ച് ഉപഭോക്താക്കള്‍ക്ക് ലാഭവിഹിതം നല്‍കാതെ മുങ്ങുന്ന രീതിയാണ് പൊതുവെ നെറ്റ് വര്‍ക്ക് മാര്‍ക്കറ്റിംഗിന്റെത്. വന്‍ലാഭം പ്രതീക്ഷിച്ച് കൂടുതല്‍ പണം മുടക്കുന്നവര്‍ വഞ്ചിക്കപ്പെടുന്നു.
ഇക്കാര്യം ലംഘിക്കുന്നവര്‍ക്ക് 5,000 ഒമാനി റിയാല്‍ ആണ് ആദ്യഘട്ടത്തിലെ പിഴയെങ്കില്‍, ആവര്‍ത്തിച്ചാല്‍ പിഴത്തുക ഇരട്ടിയാകും. രാജ്യത്ത് വ്യാപാര തട്ടിപ്പ് കുറയ്ക്കാന്‍ ഇത് സഹായിക്കുമെന്ന് വാണിജ്യമന്ത്രാലയത്തിലെ മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ പറയുന്നു. നിരവധി രാജ്യങ്ങള്‍ ഇത്തരം വ്യാപാര രീതികള്‍ നിരോധിച്ചിട്ടുണ്ട്. സംരംഭങ്ങള്‍ക്കും കമ്പനികള്‍ക്കുമിടയില്‍ മത്സരം സ്ഥിരതയോടെ നിലനിര്‍ത്തുകയെന്നതും ഇതിന്റെ മറ്റൊരു ഗുണമാണ്. മാത്രമല്ല, വ്യക്തികള്‍ തട്ടിപ്പില്‍ കുടുങ്ങാതെ രക്ഷപ്പെടുകയും ചെയ്യുന്നുവെന്നും വാണിജ്യ ഡയറക്ടര്‍ ജനറല്‍ മുബാറക് ബിന്‍ മുഹമ്മദ് അല്‍ ദൊഹാനി ചൂണ്ടിക്കാട്ടി.
പിരമിഡ് സ്കീം, നെറ്റ് വര്‍ക് മാര്‍ക്കറ്റിംഗ് വ്യാപാര തട്ടിപ്പായാണ് കണക്കാക്കുന്നത്. ഒമാനി വാണിജ്യ നിയമം അനുസരിച്ച് ഇത് കുറ്റകൃത്യമാണ്. സമ്പദ്ഘടനക്ക് വലിയ പ്രത്യാഘാതങ്ങളും ഇത് സൃഷ്ടിക്കും. വലിയ ലാഭവിഹിതം മോഹിപ്പിച്ച് ഉപഭോക്താക്കളെ വലയില്‍ വീഴ്ത്തുകയാണ് ഇത്തരം തട്ടിപ്പുകളുടെ ശൈലി. വിശ്വാസം ജനിപ്പിക്കാന്‍ ആദ്യഘട്ടങ്ങളില്‍ ലാഭവിഹിതം നല്‍കുകയും ചെയ്യും. ഇതുപോലും നല്കാത്തവരുമുണ്ട്. മുടക്കിയ പണത്തിന് ഇവര്‍ നല്കുന്ന ഉത്പന്നങ്ങളാണെങ്കില്‍ നിലവാരം തീരെയില്ലാത്തതും വില കുറഞ്ഞതുമായിരിക്കും. തെളിവില്ലാത്തതിനാല്‍ പ്രതികള്‍ എളുപ്പം രക്ഷപ്പെടും. പിരമിഡ് അടിസ്ഥാനത്തില്‍ മാര്‍ക്കറ്റിംഗ് വ്യാപിക്കുമെന്നതിനാലാണ് പിരമിഡ് സ്കീം എന്ന പേര് വന്നത്. ഒരു ഉപഭോക്താവില്‍ നിന്ന് വളര്‍ന്ന് വിപുലപ്പെടുന്ന രീതിയാണിത്. ലാഭവും ആ രീതിയില്‍ വലുതാകുമെന്ന് പ്രചരിപ്പിക്കുന്നു. സുതാര്യമല്ലാത്ത മത്സരമാണ് ഇത് സൃഷ്ടിക്കുകയെന്നതിനാല്‍ സമ്പദ്ഘടനയെ പ്രതികൂലമായി ബാധിക്കും.