OMANOMAN SPECIAL
അപകടത്തില്‍പെട്ട ലോഞ്ചിലെ തൊഴിലാളികള്‍ക്ക് സഹായങ്ങളുമായി പ്രവാസി ഐ സി എഫ്

ഒമാന്‍ കടല്‍ വഴി ചരക്ക് കടത്തുന്നതിനിടെ കേടുപാടുകള്‍ സംഭവിച്ച് ദുരിതത്തിലായ ലോഞ്ചിലെ തൊഴിലാളികള്‍ക്ക് സഹായങ്ങള്‍ ലഭ്യമാക്കി ഐ സി എഫ് സര്‍വീസ് വിഭാഗം. ദുബൈയില്‍ നിന്നും ചരക്കുമായി യെമനിലേക്ക് പോവുകയായിരുന്ന ശിവ് ശക്തി എന്ന ലോഞ്ച് ആണ് എന്ജിന് തകര്‍ന്ന് കടലില്‍ കുടങ്ങിയത്.
ക്യാപ്റ്റനടക്കം എട്ട് ഇന്ത്യക്കാരായിരുന്നു ലോഞ്ചിലെ ജീവനക്കാര്‍. ഗുജറാത്തില്‍ നിന്നുള്ള മോസ ചൗഹാന്, ഹമീഭായ് കുങ്ട, ഹരുണ്ച്ചര്, മാധാഭായ് കവഡ്, മേഘാ രാംജിഭായി, സികന്ദര്‍ ജുസ്ബാനി, മുസ്തഫ ബോലിം, അബ്ദുല്ല ബോലിം എന്നിവരാണ് ലോഞ്ചില്‍ ഉണ്ടായിരുന്നത്.
മെയ് 15ന് ഒമാന്‍ കടലില്‍ വെച്ച് കേടുപാടുകള്‍ സംഭവിക്കുകയും ലോഞ്ച് കടലില്‍ മുങ്ങിപോവുകയുമായിരുന്നു. ഇതിനിടെ ഒമാന്‍ കോസ്റ്റ് ഗാര്‍ഡ് സംഘം ലോഞ്ചിലെ ജീവനക്കാരെ രക്ഷപ്പെടുത്തി മസ്കത്ത് തുറമുഖത്തെ അവരുടെ കേന്ദ്രത്തില്‍ താമസിപ്പിക്കുകയും ചെയ്തു.
ഒമാന്‍ കോസ്റ്റ് ഗാര്‍ഡ് വിഭാഗം മസ്കത്ത് ഇന്ത്യന്‍ എംബസിയെ ബന്ധപ്പെട്ടതിനെ തുടര്‍ന്ന്, എട്ട് പേര്‍ക്ക് ദിവസവും ഭക്ഷണം എത്തിക്കാന്‍ എംബസി അധികൃതര്‍ ഐ സി എഫ് വളന്റിയേഴ്സിനോട് അവശ്യപ്പെടുകയായിരുന്നു. ഇതേ തുടര്‍ന്ന് എല്ലാ ദിവസവും ഇവര്‍ക്ക് ആവശ്യമായ ഭക്ഷണം ഉള്‍പ്പടെ എല്ലാ സേവനങ്ങളും ഒമാന്‍ ഐ സി എഫ് നിര്‍വഹിച്ചു പോന്നു.
വസ്ത്രങ്ങള്‍, നിത്യോപയോഗ സാധനങ്ങള്‍, അസുഖമുള്ളവര്‍ക്ക് ഡോക്ടറെ അവരുടെ അടുത്ത് എത്തിച്ചു പരിശോധന, മരുന്നുകള്‍ തുടങ്ങിയവയും ഐ സി എഫ് സര്‍വീസ് സംഘം ലഭ്യമാക്കി.
ക്യാപ്റ്റന്‍ ഒഴികെയുള്ള മറ്റു ഏഴു പേര്‍ക്കും ഇന്ത്യയിലേക്ക് തിരികെ പോകുന്നതിനുള്ള അനുവാദം ലഭിച്ചെങ്കിലും യാത്രക്ക് മുന്നോടിയായുള്ള പി സി ആര് പരിശോധനയില്‍ രണ്ട് ആളുകള്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചത് യാത്ര പിന്നെയും നീണ്ടു. സംഘത്തിലെ അഞ്ചു പേര് വിമാനമാര്‍ഗം ജൂണ്‍ 20ന് സ്വന്തം നാട്ടിലേക്ക് മടങ്ങി.
അവശേഷിച്ച ക്യാപ്റ്റന്‍ ഉള്‍പ്പടെ മൂന്ന് ആളുകള്‍ക്കുള്ള സേവനങ്ങള്‍ ഐ സി എഫ് തുടര്‍ന്നു നല്കി. ഒടുവില്‍ എല്ലാ നിയമ നടപടികളും പൂര്‍ത്തിയാക്കി ഈ മാസം ഒന്നിന് അവശേഷിച്ച മൂന്ന് പേരും മസ്കത്ത് വിമാനത്താവളത്തില്‍ നിന്നും സ്വദേശത്തേക്ക് മടങ്ങുമ്പോള്‍ നിറ കണ്ണുകളോടെയാണ് ഐസിഎഫ് പ്രവര്‍ത്തകര്‍ക്ക് നന്ദി പറഞ്ഞത്.
ലോക്ക്ഡൗണ്‍ ദിവസങ്ങളില്‍ ഉള്‍പ്പടെ ലോഞ്ചിലെ ജീവനക്കാര്‍ക്ക് ഭക്ഷണവും മരുന്നുകളും അവശ്യ സേവനങ്ങളും ഉറപ്പുവരുത്തുന്നതിന് ഇന്ത്യന്‍ എംബസി പ്രത്യേകം വളണ്ടിയര്‍ പാസ് അനുവദിച്ചത് കൂടുതല്‍ സൗകര്യപ്രദമായെന്ന് സേവനങ്ങള്‍ക്ക് നേതൃത്വം നല്കിയ ഐ സി എഫ് വളണ്ടിയര്‍ സംഘാംഗം എന്‍ജിനിയര്‍ അഹമദ് സഗീര്‍ പറഞ്ഞു.
ഡോ. മുഹമ്മദ് സാഹിര്‍, നിയാസ് ചെണ്ടയാട് തുടങ്ങിയവരുടെ നേതൃത്വത്തിലാണ് സേവന പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിച്ചത്.