ഒമാനിൽ നേരിട്ടുള്ള പ്രവേശന വിലക്ക് നിലനിൽക്കുന്നതിനിടെ ഖത്വർ വഴി ഒമാനിൽ മടങ്ങിയെത്തി പ്രവാസികൾ. മലയാളികൾ ഉൾപ്പടെ നിരവധി പേർ രണ്ട് ദിവസത്തിനിടെ മസ്കത്തിൽ ഇറങ്ങി. ഖത്വർ ഓൺഅറൈവൽ വിസ അനുവദിച്ച ആദ്യ ദിവസങ്ങളിൽ തന്നെ ദോഹയിൽ എത്തിയവരാണ് 14 ദിവസത്തിന് ശേഷം കഴിഞ്ഞ ദിവസങ്ങളിൽ ഒമാനിലെത്തിയത്.
ഒമാനിൽ എത്തിയവർ ഇൻസ്റ്റിറ്റിയഷനൽ ക്വാറന്റൈനിൽ കഴിയുകയാണ്. ഏഴ് ദിവസം ക്വാറന്റൈൻ പൂർത്തിയാക്കി പി സി ആർ പരിശോധനയിൽ കൊവിഡ് നഗറ്റീവ് ആയാൽ ഇവർക്ക് താമസ സ്ഥലങ്ങളിലേക്കും തൊഴിലിടങ്ങളിലേക്കും മടങ്ങിയെത്താനാകും. മലയാളികൾ ഉൾപ്പടെ നിരവധി ഒമാൻ പ്രവാസികൾ കഴിഞ്ഞ ദിവസങ്ങളിൽ ഖത്വറിൽ എത്തിയിട്ടുണ്ട്. ഇവർ വരും ദിവസങ്ങളിൽ ഒമാനിലെത്തും.
രണ്ട് ഡോസ് വാക്സീനെടുത്തവർക്കാണ് ഖത്വറിൽ ഓൺഅറൈവൽ വിസ ലഭിക്കുന്നത്. പുതിയ ഉത്തരവ് പ്രകാരം വാക്സീനേഷൻ പൂർത്തിയാക്കിയവരും ഖത്വറിൽ ക്വാറന്റൈനിൽ കഴിയണം. ക്രിഡിറ്റ്/ഡെബിറ്റ് കാർഡിൽ 540 ഒമാനി റിയാൽ ഉണ്ടായിരിക്കണമെന്നും നിബന്ധനയുണ്ട്.
ഖത്വറിലേക്ക് ടിക്കറ്റ് നിരക്കുയർന്നു
ഖത്വറിലേക്കും ഖത്വർ വഴി മറ്റു ഗൾഫ് രാജ്യങ്ങളിലേക്കും യാത്രക്കാർ വർധിച്ചതിന് പിന്നാലെ കേരളത്തിൽ നിന്നുള്ള വിമാന ടിക്കറ്റ് നിരക്ക് കുത്തനെ ഉയർന്നു. വർധിച്ച നിരക്കിൽ പോലും പല ദിവസങ്ങളിലും ടിക്കറ്റ് ലഭിക്കാനില്ല. ഖത്വർ-ഇന്ത്യ എയർബബിൾ കരാർ പ്രകാരമുള്ള സർവീസുകൾ ആയതിനാൽ അധിക വിമാനങ്ങൾക്കും സാധ്യതയില്ല. ഖത്വർ എയർവേയ്സ്, ഇൻഡിഗോ, എയർ ഇന്ത്യ എന്നിവയാണ് സർവീസ് നടത്തുന്നത്. സാധാരണ നിലയിൽ കുറഞ്ഞ നിരക്ക് ഈടാക്കുന്ന കൊച്ചി-ദോഹ റൂട്ടിൽ 9,000നും 14,000നും ഇടയിലാണ് ടിക്കറ്റ് നിരക്ക്. എന്നാൽ വരും ദിവസങ്ങളിൽ നിരക്ക് 28,000 മുതൽ 30,000 രൂപ വരെയാണ്. അതേസമയം, ദോഹയിൽ നി്ന് മസ്കത്തിലേക്കുള്ള നിരക്ക് 75 ഒമാനി റിയാലിനും 130നും ഇടയിലാണ്.
അതേസമയം, ഒമാന്‍ പ്രവേശന വിലക്ക് പിന്‍വലിക്കുന്നതും കാത്ത് ആയിരക്കണക്കിന് പ്രവാസികളും ഇപ്പോഴും നാടുകളില്‍ കഴിയുന്നത്.
മാലിദ്വീപ് വഴിയും പ്രവാസികള്‍ മടങ്ങിയെത്തുന്നു
ഒമാനിൽ തിരിച്ചെത്താൻ മാലിദ്വീപ് വഴി തിരഞ്ഞെടുത്ത് പ്രവാസികൾ. 700 റിയാലിന് മുകളിലാണ് ട്രാവൽ ഏജൻസികളുടെ പാക്കേജുകൾ. വിമാന ടിക്കറ്റുകൾ, മാലിദ്വീപിൽ 15 ദിവസത്തെ താമസം, പി സി ആർ പരിശോധനകൾ, മസ്കത്തിൽ എട്ട് ദിവസത്തെ ക്വാറന്റൈൻ, ട്രാവൽ ഇൻഷ്വറൻസ്, ഭക്ഷണം, ട്രാൻസ്പോർട്ടേഷൻ തുടങ്ങിയവ ഉൾപ്പെട്ടതാണ് പാക്കേജുകൾ.
ഖത്വർ വഴി മടങ്ങിവരുന്നവർക്കും സമാന തുക ചെലവാകുന്നത്. ഇതിനാൽ തന്നെ മാലിദ്വീപ് ടൂറിസം സാധ്യതകൾ കൂടി കണ്ട് പലരും മാലിദ്വീപ് വഴിയുള്ള പാക്കേജുകൾ തിരഞ്ഞെടുക്കുന്നു.