OMANOMAN SPECIAL
സൗദിയിൽ ഇനി മാളുകളിലെ ജോലികൾ സ്വദേശികൾക്ക് മാത്രം; തീരുമാനം പ്രാബല്യത്തിൽ

സൗദിയിൽ കച്ചവട മാളുകളിലെ ജോലികൾ സ്വദേശികൾക്ക് മാത്രം പരിമിതപ്പെടുത്തികൊണ്ടുള്ള തീരുമാനം പ്രാബല്യത്തിലായി. ഇതിനായി അനുവദിച്ച കാലയളവ് അവസാനിച്ചതിനാൽ തീരുമാനം പ്രാബല്യത്തിൽ വന്നതായി മാനവ വിഭവ ശേഷി, സമൂഹിക മന്ത്രാലയം വ്യക്തമാക്കി.
ഇതോടെ മാളുകളിലേയും അതിന്റെ മാനേജ്മെൻറ് ഓഫീസുകളിലേയും പരിമിതമായ ചില ജോലികളൊഴികെ എല്ലാ ജോലികളും സ്വദേശികൾക്ക് മാത്രമായിരിക്കും. സ്വദേശികളായ പുരുഷന്മാർക്കും സ്ത്രീകൾക്കും തൊഴിൽ വിപണിയിൽ കൂടുതൽ അവസരങ്ങൾ ഒരുക്കാനുള്ള മന്ത്രാലയത്തിന്റെ പദ്ധതികളുടെ തുടർച്ചയായാണ് മാളുകളിലെ ജോലികൾ സ്വദേശിവത്കരിക്കാനുള്ള തീരുമാനം.
മാനവ വിഭവശേഷി ഫണ്ടുമായി സഹകരിച്ച് സ്വദേശികൾക്ക് തൊഴിലവസരങ്ങൾ ലഭിക്കാൻ നിരവധി പരിശീലന പരിപാടികൾ തൊഴിൽ സഹായ പദ്ധതികളും ഇതിനകം നടപ്പിലാക്കിയിട്ടുണ്ടെന്നും മാനവ വിഭവശേഷി മന്ത്രാലയം പറഞ്ഞു.
2021 ഏപ്രിലിലാണ് മാനവ വിഭവശേഷി, സാമൂഹിക വികസന മന്ത്രി അഹ്മ്മദ് ബിൻ സുലൈമാൻ അൽറാജിഹിയാണ് മാളുകളിലെ ജോലികൾ സ്വദേശിവത്കരിക്കാനുള്ള തീരുമാനം പുറപ്പെടുവിച്ചത്. നാല് മാസത്തിനു ശേഷം ആഗസ്റ്റ് നാല് മുതൽ തീരുമാനം പ്രാബല്യത്തിൽ വരുമെന്നും ഇതിനായുള്ള നടപടിക്രമങ്ങൾക്ക് പുറത്തിറക്കിയ നിർദേശങ്ങളിൽ വ്യക്തമാക്കുകയും ചെയ്തിരുന്നു.
മലയാളികൾ ഉൾപ്പെടെയുള്ള പ്രവാസികൾക്ക് തിരിച്ചടിയാണ് പുതിയ തീരുമാനം.