Kerala
കരിപ്പൂർ വിമാനാപകടത്തിന് ഒരാണ്ട് തികയുന്നു

നാടണയാൻ നിമിഷങ്ങൾ മാത്രം ബാക്കിയിരിക്കെ 21 പേരുടെ ജീവൻ നഷ്ടമാവുകയും ഒരുപാടുപേർ ദുരിതത്തിലേക്ക് വഴിമാറുകയും ചെയ്ത കരിപ്പൂർ വിമാന ദുരന്തത്തിന് ഒരാണ്ട്. 2020 ആഗസ്റ്റ് ഏഴിന് രാത്രി 7.41നായിരുന്നു ദുരന്തമുണ്ടായത്. കോവിഡ് പശ്ചാത്തലത്തിൽ ആരംഭിച്ച വന്ദേഭാരത് ദൗത്യ ഭാഗമായി ദുബൈയിൽ നിന്നെത്തിയ എയർഇന്ത്യ എക്സ്പ്രസിന്റെ ഐ.എക്സ് 1344 വിമാനമാണ് കരിപ്പൂരിൽ ലാൻഡിങ്ങിനിടെ റൺവേയിൽ നിയന്ത്രണം നഷ്ടമായി 35 മീറ്റർ താഴ്ചയിലേക്ക് കൂപ്പുകുത്തിയത്. അപകട ദിവസം ക്യാപ്റ്റനും കോപൈലറ്റും ഉൾപ്പെടെ 18 പേർ മരിച്ചു. പിന്നീട് മൂന്നുപേർക്കും ജീവൻ നഷ്ടമായി.
രണ്ടായി പിളർന്ന വിമാനത്തിന്റെ മുൻഭാഗം വിമാനത്താവളത്തിന്റെ മതിലിൽ ഇടിച്ചാണ് നിന്നത്. 174 മുതിർന്നവരും 10 കുട്ടികളും ആറ് ജീവനക്കാരുമാണ് വിമാനത്തിൽ ഉണ്ടായിരുന്നത്. നാല് കുട്ടികളും എട്ട് സ്ത്രീകളും ഒമ്പത് പുരുഷന്മാരുമാണ് മരിച്ചത്. ഇവരിൽ 10 പേർ കോഴിക്കോട്, ആറുപേർ മലപ്പുറം, രണ്ടുപേർ പാലക്കാട്, ഒരാൾ വയനാട് എന്നിവിടങ്ങളിൽ നിന്നുള്ളവരാണ്.
അപകടത്തിൽ 165 പേർക്കാണ് പരിക്കേറ്റത്. പകുതിയോളം പേർക്ക് നഷ്ടപരിഹാരം നൽകിയതായാണ് വിമാനക്കമ്പനി അധികൃതർ വ്യക്തമാക്കുന്നത്. 75ഓളം പേർക്ക് നഷ്ടപരിഹാരം ലഭിച്ചു. പരിക്കേറ്റവരിൽ 122 പേരും മരിച്ചവരിൽ ഒരാളുമാണ് നഷ്ടപരിഹാരത്തിന് ബന്ധപ്പെട്ടത്. ഇതിൽ രണ്ടുപേർ ഇപ്പോഴും ചികിത്സയിലാണ്.
ചികിത്സ പൂർത്തിയായ ശേഷം ബന്ധപ്പെടാമെന്നാണ് ഇവർ വിമാന കമ്പനിയെ അറിയിച്ചിരിക്കുന്നത്. ബാക്കിയുള്ളവർക്കാണ് നഷ്ടപരിഹാരം സംബന്ധിച്ച് വാഗ്ദാനപത്രമയച്ചത്. ഇതിൽ ഓഫർ സ്വീകരിച്ച 75 പേർക്ക് തുക ലഭിച്ചു. ബാക്കിയുള്ളവരുമായി ചർച്ചകൾ പുരോഗമിക്കുകയാണ്. മരിച്ച 18 പേരും പരിക്കേറ്റവരിൽ 25 പേരും യു.എ.ഇ ആസ്ഥാനമായ നിയമ സ്ഥാപനത്തെയും പരിക്കേറ്റ ബാക്കി 18 പേർ അമേരിക്ക ആസ്ഥാനമായ നിയമ സ്ഥാപനത്തെയുമാണ് നഷ്ടപരിഹാരത്തിനായി ചുമതലപ്പെടുത്തിയത്. ഇവർക്ക് നഷ്ടപരിഹാരം ലഭ്യമായോ എന്നതിനെക്കുറിച്ച് അറിയില്ലെന്ന് വിമാന കമ്പനി അധികൃതർ വ്യക്തമാക്കി.