OMANOMAN SPECIAL

ജാവലിന്‍ താരം നീരജ് ചോപ്രയെ കാത്തിരിക്കുന്നത് സമ്മാനപ്പെരുമഴ

ജാവലിൻ താരം നീരജ് ചോപ്ര അത്‌ലറ്റിക്സില്‍ ഇന്ത്യക്ക് വേണ്ടി സ്വർണ്ണ മെഡൽ നേടിയതിന്‍റെ ആവേശത്തിലാണ് ഇന്ത്യന്‍ കായിക ലോകം. നിരവധി ഇന്ത്യൻ കമ്പനികളും വിവിധ സർക്കാരുകളും നീരവിന് ക്യാഷ് പ്രൈസുകളും സമ്മാനങ്ങളും വാഗ്ദാനം ചെയ്ത് രംഗത്തെത്തിയിട്ടുണ്ട്. പതിനഞ്ച് കോടിയോളം രൂപയുടെ സമ്മാനങ്ങളാണ് ഇങ്ങനെ നീരജിനെ കാത്തിരിക്കുന്നത്.

രണ്ട് വർഷം മുമ്പ് കരിയറിന് തന്നെ ഭീഷണിയായി കൈമുട്ടിന് പരിക്കേറ്റ് ശസ്ത്രക്രിയയ്ക്ക് വിധേയനായ ഈ 23 കാരന്‍ ശക്തമായ തിരിച്ചുവരവ് നടത്തിയാണ് തന്റെ രാജ്യത്തെ ആവേശഭരിതമാക്കിയത്. ശനിയാഴ്ച ടോക്കിയോ ഒളിമ്പിക് സ്റ്റേഡിയത്തിൽ 87.58 മീറ്റർ ദൂരത്തിലാണ് നീരജ് സ്വര്‍ണം എറിഞ്ഞിട്ടത്. ഇന്ത്യക്കും നേട്ടങ്ങളുടെ ഒളിമ്പിക്സായിരുന്നു ഇത്. ഒരു സ്വർണ്ണവും രണ്ട് വെള്ളി മെഡലുകളും നാല് വെങ്കലവുമാണ് ഇന്ത്യ ഈ വര്‍ഷം നേടിയത്.

നീരജിന്റെ സ്വന്തം സംസ്ഥാനമായ ഹരിയാന 6 കോടി രൂപയാണ് സമ്മാനത്തുകയായി നല്‍കുമെന്ന് പ്രഖ്യാപിച്ചത്. കൂടാതെ മറ്റ് സംസ്ഥാനങ്ങളിലെ സർക്കാരുകൾ 3 കോടി രൂപയും ഒരു പ്രമുഖ വിദ്യാഭ്യാസ കമ്പനി രണ്ട് കോടി രൂപയും വാഗ്ദാനം ചെയ്തിട്ടുണ്ട്.
ഇന്ത്യൻ ക്രിക്കറ്റ് ബോർഡ്, ബിസിസിഐ, ചെന്നൈ സൂപ്പർ കിംഗ്സ് (ഇന്ത്യൻ പ്രീമിയർ ലീഗ് ടീം) എന്നിവർ ഒരു കോടി രൂപ വീതവും നൽകുമെന്ന് വാഗ്ദാനം ചെയ്തു. ഇന്ത്യൻ ഒളിമ്പിക് അസോസിയേഷനിൽ നിന്ന് 75 ലക്ഷവും നീരജിന് ലഭിക്കും. നിരവധി കമ്പനികൾ സൗജന്യ വിമാന യാത്ര, ആഡംബര കാറുകൾ, ക്യാഷ് ഗിഫ്റ്റുകൾ എന്നിവയും വാഗ്ദാനം ചെയ്തിട്ടുണ്ട്.

മറ്റ് മെഡൽ ജേതാക്കൾക്കെല്ലാം വലിയ ക്യാഷ് റിവാർഡുകൾ തന്നെ പ്രതീക്ഷിക്കാവുന്നതാണ്. ഇന്ത്യന്‍ ഒളിമ്പിക് അസോസിയേഷന്‍ വെള്ളി നേടുന്നവര്‍ക്ക് 40 ലക്ഷം രൂപയും വെങ്കലത്തിന് 25 ലക്ഷം രൂപയുമാണ് വാഗ്ദാനം ചെയ്തിട്ടുള്ളത്.

ഇന്ത്യൻ ക്രിക്കറ്റ് ബോർഡ് വെങ്കല മെഡല്‍ നേടിയ പുരുഷ ഹോക്കി ടീമിന് 1 കോടി രൂപ നൽകുമെന്ന് നേരത്തെ പറഞ്ഞിട്ടുണ്ട്. നാല് പതിറ്റാണ്ടിനിടെ ആദ്യമായാണ് ഹോക്കി ടീം ഒളിമ്പിക് മെഡല്‍ നേടുന്നത്.

ഇത്തവണത്തെ ഒളിമ്പിക്സിന്‍റെ ആദ്യ ദിവസം ഗുസ്തി താരം മീരാഭായ് ചാനു ഇന്ത്യക്ക് വേണ്ടി ഒരു വെള്ളി നേടുകയും ശേഷം തനിക്ക് പിസ്സ കഴിക്കാൻ ആഗ്രഹമുണ്ടെന്നും പറഞ്ഞു. ചാനുവിന് ജീവിതകാലം മുഴുവൻ പിസ്സ നൽകുമെന്നാണ് അറിയപ്പെടുന്ന ഒരു ഫുഡ് കമ്പനി ഉടൻ തന്നെ വാഗ്ദാനം ചെയ്തത്.

Related Articles

Close
%d bloggers like this: