OMANOMAN SPECIAL

ആകാശ വിസ്മയം കാത്ത് സുല്‍ത്താനേറ്റും; ഉല്‍ക്കാമഴ നഗ്നനേത്രങ്ങള്‍ കൊണ്ട് കാണാം

നഗ്നനേത്രങ്ങൾ കൊണ്ട് കാണാവുന്ന ഒരു ‘ശബ്ദരഹിത’ വെടിക്കെട്ടൊരുങ്ങുകയാണ് ആകാശം. വർഷം തോറും ആകാശവിസ്മയം തീർത്ത് എത്തുന്ന പെഴ്സീയഡ് ഉൽക്കമഴ (Perseid meteor shower) ഇത്തവണയെത്തുന്നത് നാളെയാണ്. ടെലസ്കോപ്പോ ബൈനോക്കുലറോ പ്രത്യേക കണ്ണടയോ ഇല്ലാതെ നേരിട്ട് കാണാം എന്നതാണ് ഇതിന്‍റെ പ്രത്യേകത. മിന്നിത്തിളങ്ങുന്ന ഉൽക്കകൾ തലയ്ക്കു മീതെ തലങ്ങും വിലങ്ങും പായുന്ന കാഴ്ച ഇത്തവണ ഇരുട്ടിൽ കൂടുതൽ വ്യക്തമായി കാണാന്‍ കഴിഞ്ഞേക്കും. ആകാശത്ത് ചന്ദ്രനില്ലാതെ വരുന്ന ‘ന്യൂ മൂൺ’ സമയമായതിനാലാണിത്. ഇതിനു മുൻപ് 2007ലായിരുന്നു ഇത്തരമൊരു അവസരം ഉണ്ടായത്. ഉത്തരാർധ ഗോളത്തിലെ മിക്ക പ്രദേശങ്ങളിലും ഇത്തവണ ഉൽക്കമഴ ഭംഗിയായി കാണാന്‍ കഴിഞ്ഞേക്കും. ആഗസ്റ്റ് 24 വരെ ഇത് തുടര്‍ന്നേക്കുമെന്ന് ഒമാനിലെ ഭൗമ ശാസ്ത്രജ്ഞര്‍ പറഞ്ഞു. ഉല്‍ക്കാവര്‍ഷം പ്രവചനാതീതമാണെന്നും അവ ആഗസ്റ്റ് അവസാന വാരം ദിവസങ്ങളോ ആഴ്ചകളോ നീണ്ടുനില്‍ക്കുമെന്നും ഒമാന്‍ ജ്യോതിശാസ്ത്ര സൊസൈറ്റി അംഗം ഇബ്രാഹിം മുഹമ്മദ് അല്‍ മഹ്റൂഖി പറഞ്ഞു. ഓഗസ്റ്റ് 11,12, 13 തീയതികളിലാണ് കൂടുതല്‍ സാധ്യതയെന്നും ആകാശം നിരീക്ഷിക്കാന്‍ പറ്റിയ ഏറ്റവും നല്ല സമയം ആഗസ്റ്റ് 12 വ്യാഴാഴ്ച രാത്രി 10 മുതല്‍ ആഗസ്റ്റ് 13 വെള്ളിയാഴ്ച രാത്രി 4 മണി വരെയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഓരോ 130 വർഷം കൂടുമ്പോഴും സൗരയൂഥത്തിലൂടെ സ്വിഫ്റ്റ്–ടട്ട്ൽ എന്ന ഭീമൻ വാൽനക്ഷത്രം കടന്നു പോകാറുണ്ട്. ആ സമയം അതിൽ നിന്ന് തെറിച്ചു പോകുന്ന പൊടിപടലങ്ങളും മഞ്ഞും മറ്റും സൗരയൂഥത്തിൽ തങ്ങി നിൽക്കും. വർഷത്തിലൊരിക്കൽ ഭൂമിയുടെ അന്തരീക്ഷം ഈ അവശിഷ്ടങ്ങൾക്കിടയിലൂടെ കടന്നു പോകുമ്പോഴാണ് പഴ്സീയഡ് ഷവർ ഉണ്ടാകുന്നത്. വാൽനക്ഷത്രത്തിൽ നിന്നും തെറിച്ച ചെറുമണൽത്തരിയോളം പോന്ന ഭാഗങ്ങളും മഞ്ഞിൻകട്ടകളുമൊക്കെയാണ് വർഷങ്ങളായി സൗരയൂഥത്തിൽ ചുറ്റിക്കറങ്ങുന്നത്. ആയിരക്കണക്കിന് വർഷങ്ങൾ പഴക്കമുള്ളവയായിരിക്കും ചിലപ്പോൾ ഇത്തവണ നാം കാണാൻ പോകുന്ന ഉൽക്കകൾ. സെക്കൻഡിൽ 60 കി.മീ. വേഗത്തിലാണ് ഉൽക്കകളുടെ വരവ്.

ഭൂമിയുടെ അന്തരീക്ഷത്തിലേക്ക് ഇവ കടക്കുന്നതോടെ ഇവയുടെ ചുറ്റുമുള്ള വായു ചൂടുപിടിക്കും. ചുറ്റിലും ചൂടോടു കൂടി ഇവ ഭൂമിയിലേക്കു കുതിച്ചു പായുന്നതോടെ തിളങ്ങുന്ന ഒരു നീളൻ വര ആകാശത്തു പ്രത്യക്ഷപ്പെടും. ഇത് കൂട്ടത്തോടെ വരുമ്പോഴാണ് ഉൽക്കാവർഷമായി മാറുന്നത്. ആകാശത്ത് പഴ്സീയസ് നക്ഷത്രസമൂഹം നിലകൊള്ളുന്ന ദിശയിൽ നിന്നായിരിക്കും തുടരെത്തുടരെ ഉൽക്കകളുടെ വരവ്. അതുകൊണ്ടാണ് പഴ്സീയഡ് ഷവർ എന്ന പേരും ലഭിച്ചത്.

എല്ലാവർഷവും ജൂലൈ 17 മുതൽ ഓഗസ്റ്റ് 24 വരെ പഴ്സീയഡ് ഉൽക്കമഴ ഉണ്ടാകാറുണ്ട്. പക്ഷേ ഇത് അതിന്റെ പാരമ്യത്തിലെത്തുന്നത് ഓഗസ്റ്റ് 12,13,14 സമയത്താണ്. എത്ര ഉൽക്ക പതിക്കുമെന്നത് പ്രവചിക്കാനാകില്ല, പക്ഷേ ഇത്തവണ ഓഗസ്റ്റ് 12ന് അർധരാത്രി മുതൽ 13 പുലർച്ചെ വരെയായിരിക്കും ഉൽക്കമഴയെന്നുറപ്പായിക്കഴിഞ്ഞു. 13ന് പുലർച്ചെ 3–4 മണിയോടെയായിരിക്കും ഉൽക്കവർഷം അതിന്റെ പാരമ്യതയിലെത്തുകയെന്നാണ് നാസ നൽകുന്ന സൂചന. ആ സമയം മിനിറ്റിൽ ഒന്നു വീതമെങ്കിലും ഉൽക്ക മാനത്തുകൂടെ മിന്നിപ്പായുമെന്നാണ് വാനനിരീക്ഷകരുടെ കണക്കുകൂട്ടൽ. മൂർധന്യാവസ്ഥയിൽ മണിക്കൂറിൽ നൂറു വീതമെങ്കിലും ഉൽക്കകൾ ഇത്തവണ പതിയ്ക്കുമെന്നും ശാസ്ത്രലോകം പ്രതീക്ഷിക്കുന്നു.

ലോകമെമ്പാടും ഉൽക്കമഴ കാണാനുള്ള സൗകര്യങ്ങളും ഒരുങ്ങിക്കഴിഞ്ഞു. നാസയിൽ ഉൽക്കാവർഷത്തെപ്പറ്റി തൽസമയ ചർച്ചകളും ക്ലാസുകളുമൊക്കെയുണ്ട്. അത് കാണാനായി www.ustream.tv/channel/nasa-msfc എന്ന വെബ്സൈറ്റിലും ലോഗിൻ ചെയ്യാം. ചിലപ്പോൾ 13ന് പുലർച്ചെ മൂന്നോ നാലോ മണിയാകേണ്ടി വരും തുടരെത്തുടരെയുള്ള ഉൽക്കമഴ പെയ്യാൻ. കണ്ണുചിമ്മിത്തുറക്കുന്ന നേരം കൊണ്ട് ഉൽക്കകൾ പാഞ്ഞുപോയേക്കാം. കൂടുതൽ തിളക്കമുള്ളവയാണെങ്കിലാകട്ടെ ഉൽക്കയുടെ വാൽ ആകാശത്ത് രണ്ടോ മൂന്നോ സെക്കൻഡ് കാണാം.

Related Articles

Close
%d bloggers like this: