നാഷണൽ ഇമ്മ്യൂണൈസേഷൻ പ്രോഗ്രാമിന്റെ ഭാഗമായി സുൽത്താനേറ്റിലെ എല്ലാ ഗവർണറേറ്റുകളിലും ആരോഗ്യ മന്ത്രാലയം പ്രതിരോധ കുത്തിവയ്പ്പ് നല്‍കുന്നത് തുടരുന്നു. വാക്സിൻ എടുക്കുന്നതിനുള്ള സുഗമമായ പ്രക്രിയയ്ക്കിടയിൽ വാക്സിനേഷൻ കേന്ദ്രങ്ങളിൽ നല്ല തിരക്കനുഭവപ്പെടുന്നുണ്ട്.
12 വയസും അതിന് മുകളിലുമുള്ള വിദ്യാർത്ഥികൾക്കുള്ള കുത്തിവെപ്പ് മൂന്നാം ആഴ്ചയിലേക്കെത്തി, വിദ്യാർത്ഥികളുടെ നല്ല പങ്കാളിത്തം എല്ലാ കേന്ദ്രങ്ങളിലുമുണ്ട്. ആരോഗ്യ, വിദ്യാഭ്യാസ മന്ത്രാലയങ്ങൾ പൊതു, സ്വകാര്യ സ്കൂളുകളിൽ നിന്നുള്ള 320,000 വിദ്യാർത്ഥികൾക്ക് പ്രതിരോധ കുത്തിവെയ്പ്പ് നടത്താനാണ് ലക്ഷ്യമിടുന്നത്.
ആദ്യ ഡോസ് എടുത്ത് 10 ആഴ്ച പൂർത്തിയാക്കിയവർക്ക് രണ്ടാമത്തെ ഡോസ് നൽകുന്നതും തുടരുന്നുണ്ട്.
ഇബ്രിയിൽ മാത്രം, 11,923 വിദ്യാർത്ഥികൾക്കാണ് വാക്സിൻ നല്‍കിയത്.
കൂടാതെ, രാജ്യത്തെ വിവിധ കേന്ദ്രങ്ങളിൽ നിന്നായി ഇന്നലെ ആയിരക്കണക്കിന് വീട്ടുജോലിക്കാരാണ് കോവിഡ് -19 നെതിരായ ആദ്യ ഡോസ് വാക്സിൻ സ്വീകരിച്ചത്.
സുൽത്താനേറ്റിലെ വിവിധ ഗവർണറേറ്റുകളിലെ വാക്സിനേഷൻ സെന്ററുകളിലേക്ക് പോകുന്നതിനുമുമ്പ് അപ്പോയിന്റ്മെന്റുകൾ മുൻകൂട്ടി ബുക്ക് ചെയ്യേണ്ടതാണ്. പ്രതിരോധ നടപടികൾ പൂർണ്ണമായി പാലിച്ചുകൊണ്ട് എല്ലാവർക്കും സുരക്ഷിതവും സുഗമവുമായ വാക്സിന് പ്രക്രിയ ഉറപ്പാക്കാനാണ് ഇതെന്ന് മന്ത്രാലയം ഓര്‍മിപ്പിച്ചു.