OMANOMAN SPECIAL
ആകാശക്കൊള്ള തുടരുന്നു; ടിക്കറ്റ് നിരക്ക് 500 റിയാൽ കടന്നു

കേരളത്തിൽ നിന്ന് ഒമാനിലേക്കുള്ള ടിക്കറ്റ് നിരക്കില്‍ കൊള്ള തുടരുന്നു. സെപ്തംബർ ആദ്യ പകുതി കഴിഞ്ഞാലും നിരക്ക് കുറയില്ലെന്നാണ് സൂചന. തിരിച്ചുവരാൻ ആയിരങ്ങൾ കാത്തിരിക്കുന്ന ഘട്ടത്തിലാണ് വിമാന കമ്പനികളുടെ ഈ ആകാശക്കൊള്ള.
കൊച്ചിയിൽ നിന്ന് മസ്കത്തിലേക്ക് 581 റിയാലാണ് ഒമാൻ എയർ നിരക്ക്. സമീപ ദിവസങ്ങളിലും മറ്റു സെക്ടറുകളിൽ നിന്ന് മസ്കത്തിലേക്കുള്ള നിരക്കുകളും 250 റിയാലിനും 350 റിയാലിനും ഇടയിലാണ്. ആദ്യ ദിനങ്ങളിൽ കുറഞ്ഞ നിരക്കിൽ ടിക്കറ്റ് ലഭ്യമായിരുന്ന കണ്ണൂർ – മസ്കത്ത് റൂട്ടിലും ടിക്കറ്റിന് 266 റിയാലാണ് സെപ്തംബർ ആദ്യ വാരത്തിലെ നിരക്ക്.
സെപ്തംബറിലെ ഉയർന്ന ടിക്കറ്റ് നിരക്ക് പ്രവാസികളുടെ മടങ്ങിവരവ് ഇനിയും വൈകിപ്പിക്കും. പലരും യാത്രകൾ അടുത്ത ആഴ്ചകളിലേക്കും ഒക്ടോബർ മാസത്തേക്കും പിന്തിക്കുകയാണ്. അടിയന്തരമായി മടങ്ങിയെത്തേണ്ടവർക്ക് പോലും തിരിച്ചുവരവ് പ്രതിസന്ധി സൃഷ്ടിക്കുകയാണ്.
എയർ ബബിൾ കരാർ പ്രകാരം എയർ ഇന്ത്യയും എയർ ഇന്ത്യ എക്സ്പ്രസും ഒമാൻ എയറും സലാം എയറും മാത്രമാണ് നിലവിൽ സർവീസ് നടത്തുന്നത്.