
2022 ലോകകപ്പ് യോഗ്യതാ മത്സരത്തിൽ ഒമാൻ ഇന്ന് സഊദിയെ നേരിടും. ബൗശർ സുൽത്താൻ ഖാബൂസ് സ്റ്റേഡിയത്തിൽ രാത്രി എട്ട് മണിക്കാണ് കിക്കോഫ്. സ്റ്റേഡിയത്തിൽ 30 ശതമാനം വരെ കാണികളെ അനുവദിക്കും. വാക്സീൻ സ്വീകരിച്ചവർക്കാണ് പ്രവേശനം.
യോഗ്യതാ മത്സരങ്ങളിലെ അവസാന ഘട്ടമാണ് പുരോഗമിക്കുന്നത്. ഗ്രൂപ്പ് ബിയിൽ ശക്തരായ ജപ്പാനെതിരെ ആദ്യ മത്സരത്തിൽ ഒമാൻ വിജയം സ്വന്തമാക്കിയിരുന്നു. ഒരു ഗോൾ വിജയത്തോടെ ഗ്രൂപ്പിൽ മൂന്ന് പോയിന്റുമായി മൂന്നാമതാണ് ഒമാൻ. ഗ്രൂപ്പിൽ രണ്ടാം സ്ഥാനക്കാരായ സഊദിയും ആദ്യ മത്സരത്തിൽ വിയറ്റ്നാമിനെ പരാജയപ്പെടുത്തിയാണ് ഇന്ന് ഒമാനെതിരെ ബൂട്ടണിയുന്നത്.
2019 ഗൾഫ് കപ്പ് ഗ്രൂപ്പ് മത്സരത്തിലാണ് ഒമാനും സഊദിയും അവസാനമായി ഏറ്റുമുട്ടിയത്. ഒന്നിനെതിരെ മൂന്ന് ഗോളുകൾക്ക് അന്ന് സഊദി വിജയം സ്വന്തമാക്കിയിരുന്നു. ഫിഫ റാങ്കിംഗിലും ഒമാന് മുന്നിലുള്ള സഊദിക്കെതിരെ മികച്ച പോരാട്ടം പുറത്തെടുത്താൽ മാത്രമെ ഇന്ന് ഒമാന് വിജയം സ്വന്തമാക്കാൻ സാധിക്കുകയുള്ളൂ.
ജപ്പാനെതിരെ ഇറക്കിയ ആദ്യ ഇലവിൽ ചില മാറ്റങ്ങൾ വരുത്തിയാകും സഊദിക്കെതിരെ കോച്ച് ബ്രാങ്കോ ഇവാങ്കോവിച്ച് ടീമിനെ കളത്തിലിറക്കുന്നത്. മധ്യ നിരയിലും മുന്നേറ്റത്തിലും മാറ്റം കൊണ്ടുവന്നേക്കും. സഊദിയെ നേരിടുന്നതിനായി മസ്കത്തിൽ കഠിന പരിശീലനത്തിലാണ് ദേശീയ ടീം. താരങ്ങളുടെ പ്രകടനത്തിൽ സംതൃപ്തനാണെന്നും സഊദിക്കെതിരെ മികച്ച മത്സരം കാഴ്ചവെക്കാൻ സാധിക്കുമെന്നും ബ്രാങ്കോ ഇവാങ്കോവിച്ച് ആത്മവിശ്വാസം പ്രകടിപ്പിച്ചു.
മത്സരത്തിനായി ഒമാനിലെത്തിയ സഊദി സംഘത്തെ വിമാനത്താവളത്തിൽ ഒമാൻ ഫുട്ബോൾ അസോസിയേഷൻ അധികൃതർ സ്വീകരിച്ചു. സഊദി താരങ്ങൾ ഇന്നലെ മസ്കത്തിൽ പരിശീലനം ആരംഭിച്ചു.