ഒമാനിലെ സ്വകാര്യ ആരോഗ്യ മേഖലയില്‍ സ്വദേശികള്‍ക്ക് കൂടുതല്‍ തൊഴിലവസരങ്ങള്‍ ഒരുക്കുന്നു.
തൊഴില്‍ മന്ത്രാലയത്തിന്റെ പുതിയ ക്യാംപയിനായ ബദിര്‍ എന്നതിന്റെ ഭാഗമായാണ് ഈ നീക്കം. പാര്‍ട് ടൈം, ഫ്രീലാന്‍സ്, വര്‍ക്ക് അറ്റ് ഹോം എന്നിങ്ങനെ വിവിധ ശ്രേണികളുള്ള തൊഴിലുകളിലൂടെ തൊഴില്‍ വിപണിയെ വൈവിധ്യവത്കരിക്കാനാകും. ശൂറാ കൗണ്‍സിലിലെ ആരോഗ്യ- പരിസ്ഥിതി സമിതി ചെയര്‍മാനും സീബ് വിലായത് പ്രതിനിധിയുമായ ഹിലാല്‍ ബിന്‍ ഹമദ് അല്‍ സര്മിയുടെ അധ്യക്ഷതയിലാണ് ബദിര്‍ ഉദ്ഘാടനം ചെയ്തത്. ആദ്യഘട്ട പദ്ധതി പ്രകാരം സ്വകാര്യ ആരോഗ്യ സ്ഥാപനങ്ങള്‍ 228 തൊഴിലവസരങ്ങള്‍ സ്വദേശികള്‍ക്ക് നല്കി. നഴ്സുമാര്‍ക്ക് 185ഉം ദന്തവിദഗ്ധര്ക്ക് 43ഉം തൊഴിലവസരങ്ങളാണ് നല്‍കിയത്. ഒമാന്‍ വിഷന്‍ 2040ന്റെ അടിസ്ഥാനത്തിലാണ് ഈ പദ്ധതി. യോഗ്യരായ ഒമാനി യുവജനതക്ക് ഗുണമേന്മയുള്ള തൊഴിലവസരങ്ങള്‍ നല്‍കുന്നതിന് സര്‍ക്കാര്‍- സ്വകാര്യ മേഖലയുടെ പങ്കാളിത്തമുണ്ടാകും.
ഭിന്നശേഷിക്കാര്‍ക്കും സാമൂഹിക സുരക്ഷ ആവശ്യമുള്ള കുടുംബത്തിലെ കുട്ടികള്‍ക്കും ജോലി നല്‍കലും ഇതിന്റെ ഭാഗമാണ്. സ്വദേശികള്‍ക്ക് തൊഴില്‍ പരിശീലനം നല്കി യോഗ്യരാക്കുകയും ചെയ്യും. അങ്ങനെ വിദഗ്ധരായ സ്വദേശികള്‍ തൊഴില്‍ വിപണിയിലെത്തും. തൊഴിലന്വേഷകര്‍ക്ക് കൂടുതല്‍ തൊഴില്‍ നല്‍കാനുള്ള മികച്ചതും കാര്യക്ഷമവുമായ വഴി സ്വകാര്യ- സര്‍ക്കാര്‍ മേഖലകളുടെ പങ്കാളിത്തമാണെന്ന് തൊഴില്‍ മന്ത്രാലയം അണ്ടര്‍ സെക്രട്ടറി നാസര്‍ ബിന്‍ ആമിര്‍ അല്‍ ഹുസനി പറഞ്ഞു. സ്വദേശികള്‍ക്ക് തൊഴിലവസരങ്ങള്‍ നല്‍കാനുള്ള നൂതനവും സുസ്ഥിരവുമായ മാര്‍ഗമാണിത്. ദേശീയ സമ്പദ്ഘടനയെ സഹായിക്കാനുള്ള സ്വകാര്യ മേഖലക്ക് ലഭിക്കുന്ന അവസരം കൂടിയാണിത്.
ദന്ത, നഴ്സിംഗ് മേഖലകളിലെ തൊഴിലവസരങ്ങളെ സംബന്ധിച്ച് യഥാക്രമം ഡെന്റല്‍ അസോസിയേഷന് ഓഫ് ഒമാന്‍ മെഡിക്കല്‍ അസോസിയേഷന്, ഗള്‍ഫ് സ്പെഷ്യലിസ്റ്റ് ഹോസ്പിറ്റല്‍ പ്രതിനിധികള്‍ നല്കി.
ആരോഗ്യ മന്ത്രാലയത്തിന്റെ ഹെല്‍ത്ത് ലൈസന്‍സ് നേടി, സര്‍ക്കാര്‍ ആശുപത്രികളില്‍ മൂന്ന് മാസം ട്രെയിനിംഗ് ചെയ്ത് ആണ് സ്വദേശികള്‍ ഇത്തരം സ്വകാര്യ ആരോഗ്യ സ്ഥാപനങ്ങളില്‍ ജോലിക്കെത്തുന്നത്.