OMANOMAN SPECIAL
വിദേശികളുടെ തൊഴില്‍ കരാര്‍ രജിസ്റ്റര്‍ ചെയ്യാന്‍ ഡിസംബര്‍ 31 വരെ അവസരം

പ്രവാസി തൊഴിലാളികളുടെ തൊഴിൽ കരാർ രജിസ്റ്റർ ചെയ്യുന്നതിന് സമയപരിധി നീട്ടി നൽകി തൊഴിൽ മന്ത്രാലയം. സ്വകാര്യ കമ്പനികൾ വിദേശി ജീവനക്കാരുടെ കരാർ വിവരങ്ങൾ മന്ത്രാലയം പോർട്ടലിൽ രേഖപ്പെടുത്തുന്നതിന് ഡിസംബർ 31 വരെയാണ് സമയം അനുവദിച്ചിരിക്കുന്നത്.
തൊഴിൽ മന്ത്രാലയം പോർട്ടലിൽ തൊഴിലുടമകളാണ് കരാർ രജിസ്റ്റർ ചെയ്യേണ്ടത്. തൊഴിലാളികൾക്ക് കരാർ പരിശോധിക്കാനും അംഗീകരിക്കാനും സാധിക്കും. പ്രവാസി തൊഴിലാളി ഒമാനിലെത്തുകയും അദ്ദേഹത്തിന് റസിഡന്റ് കാർഡ് ലഭിക്കുകയും ചെയ്താൽ തൊഴിൽ മന്ത്രാലയത്തിന്റെ പോർട്ടലിൽ തൊഴിലുടമക്ക് തൊഴിൽ കരാർ രജിസ്റ്റർ ചെയ്യാം. വർക് പെർമിറ്റ് പുതുക്കിയതിന് ശേഷമാണെങ്കിൽ പോലും കരാർ രജിസ്റ്റർ ചെയ്യാവുന്നതാണ്. പ്രൊഫഷനിൽ അംഗീകൃത മാറ്റമുണ്ടായാലോ കാലാവധി കഴിഞ്ഞാലോ കരാർ പുതുക്കി രജിസ്റ്റർ ചെയ്യണം.
കരാർ പരിഷ്കരിക്കാൻ സാധിക്കും. ജീവനക്കാരുടെ വിശദാംശങ്ങളിൽ മാറ്റങ്ങൾ വരുത്താം. കരാറിന്റെ കൃത്യത ഉറപ്പുവരുത്താൻ തൊഴിലാളിക്ക് കരാർ ലഭിക്കും. പി കെ ഐ സംവിധാനമുള്ള തിരിച്ചറിയൽ കാർഡ് അല്ലെങ്കിൽ മൊബൈൽ നമ്പർ ഉപയോഗിച്ച് ഇൻഡിവിജ്വൽ സർവീസസിലെ വർക് സർവീസിലൂടെ കരാർ തൊഴിലാളിക്ക് ലഭിക്കും.
തൊഴിലുടമ പണമടക്കുന്നതോടെ തൊഴിൽ കരാർ അപേക്ഷ അംഗീകരിക്കപ്പെടുകയും തൊഴിൽ കരാർ നിർമിക്കപ്പെടുകയും ചെയ്യും.
തൊഴിലുടമകൾക്ക് ഇത് മതിയായ സുരക്ഷിതത്വം നൽകുന്നുണ്ട്. മാത്രമല്ല, തൊഴിൽ കരാറിൽ ഇരുകൂട്ടർക്കും പ്രയോജനമുണ്ടാകുന്ന വ്യവസ്ഥകൾ വെക്കാൻ തൊഴിലുടമയെ അനുവദിക്കും.
തൊഴിലാളി മറ്റൊരു ജോലിയിലേക്കോ കമ്പനിയിലേക്കോ മാറിയാലും മുമ്പത്തെ തൊഴിൽ രഹസ്യങ്ങൾ വെളിപ്പെടുത്താതിരിക്കാനുള്ള കരാർ വെക്കാനും തൊഴിലുടമക്ക് അനുവാദമുണ്ടാകുമെന്നും മന്ത്രാലയം അറിയിച്ചു.