spot_img
spot_img
HomeOMANശഹീന്‍ ചുഴലിക്കാറ്റ് ഒമാന്‍ തീരത്തേക്ക്; ജാഗ്രത

ശഹീന്‍ ചുഴലിക്കാറ്റ് ഒമാന്‍ തീരത്തേക്ക്; ജാഗ്രത

മസ്‌കത്ത് | അറബിക്കടലില്‍ കഴിഞ്ഞ ദിവസം രൂപപ്പെട്ട ശഹീന്‍ ചുഴലിക്കാറ്റ് ഒമാന്‍ തീരത്തേക്ക് നീങ്ങുന്നു. ഒന്നാം വിഭാഗത്തില്‍ പെടുന്ന ചക്രവാതമായാണ് ഒമാനിലേക്ക് നീങ്ങുന്നതെന്ന് ഒമാന്‍ കാലാവസ്ഥാ ഓഫീസ് വെള്ളിയാഴ്ച പകല്‍ പുറത്തിറക്കിയ ജാഗ്രതാനിര്‍ദേശത്തില്‍ പറയുന്നു. ഞായറാഴ്ച രാത്രി ചുഴലിക്കാറ്റ് ഒമാന്‍ തീരം തൊടും.
ചുഴലിക്കാറ്റിനെ തുടര്‍ന്ന് ഞായറാഴ്ച മുതല്‍ മഴയുണ്ടാകും. മണിക്കൂറില്‍ 34- 63 നോട്ട് വേഗതയിലാണ് ഒമാന്‍ കടലിന്റെ തീരപ്രദേശങ്ങളിലേക്ക് ശഹീന്‍ ചുഴലിക്കാറ്റ് നീങ്ങുന്നത്. ചുഴലിക്കാറ്റിന്റെ പ്രഭവകേന്ദ്രം മസ്‌കത്തില്‍ നിന്ന് 650 കി മീ അകലെയാണ്. വെള്ളി പകല്‍ മുതലുള്ള 24 മണിക്കൂറിലാണ് ഒന്നാം വിഭാഗത്തില്‍ പെടുന്ന ചുഴലിക്കാറ്റായി ശക്തി പ്രാപിക്കുക. തുടര്‍ന്ന് മസ്‌കത്ത് മുതല്‍ വടക്കന്‍ അല്‍ ബാതിന വരെയുള്ള ഗവര്‍ണറേറ്റുകളിലെ തീരപ്രദേശങ്ങളിലേക്ക് നീങ്ങും. ഞായറാഴ്ച രാവിലെ മുതലാണ് കനത്ത മഴ പ്രതീക്ഷിക്കുന്നത.്
മസ്‌കത്ത് മുതല്‍ നോര്‍ത്ത് അല്‍ ബാതിന വരെയുള്ള ഗവര്‍ണറേറ്റുകളുടെ തീരപ്രദേശങ്ങളെ നേരിട്ട് ചുഴലിക്കാറ്റ് ബാധിക്കും. ഞായറാഴ്ച മുതല്‍ ശക്തമായ കാറ്റ്, മഴ, പെട്ടെന്നുള്ള വെള്ളപ്പൊക്കം അടക്കമുള്ളയവാണുണ്ടാകുക. 150 മുതല്‍ 600 വരെ മി മീ മഴയാണ് പ്രതീക്ഷിക്കുന്നത്. സൗത്ത് അല്‍ ശര്‍ഖിയ്യ മുതല്‍ മുസന്ദം വരെയുള്ള ഗവര്‍ണറേറ്റുകളില്‍ കടല്‍ പ്രക്ഷുബ്ധമാകും. ശനിയാഴ്ച വൈകിട്ട് മുതല്‍ പ്രക്ഷുബ്ധമാകുന്ന കടലില്‍ എട്ട് മുതല്‍ 12 മീറ്റര്‍ വരെ ഉയരത്തില്‍ തിരമാലയുണ്ടാകാന്‍ സാധ്യതയുണ്ട്. താഴ്ന്ന തീരപ്രദേശങ്ങളില്‍ കടലാക്രമണവും പ്രതീക്ഷിക്കാം. ഒമാന്റെ മറ്റ് തീരപ്രദേശങ്ങളില്‍ കടല്‍ തിരമാല പരമാവധി മൂന്ന്- അഞ്ച് മീറ്റര്‍ ആയിരിക്കും. ജനങ്ങള്‍ കനത്ത ജാഗ്രത പുലര്‍ത്തണമെന്ന് അധികൃതര്‍ മുന്നറിയിപ്പ് നല്‍കി. കടലില്‍ പോകരുതെന്നും വാദികള്‍ മുറിച്ചുകടക്കരുതെന്നും അറിയിച്ചു.
ഹോട്ടലുകള്‍ക്ക് ജാഗ്രതാ നിര്‍ദേശം
മുന്‍കരുതല്‍ നടപടികള്‍ സ്വീകരിക്കാന്‍ രാജ്യത്തെ എല്ലാ ഹോട്ടല്‍ സ്ഥാപനങ്ങള്‍ക്കും പൈതൃക, ടൂറിസം മന്ത്രാലയം ജാഗ്രതാ നിര്‍ദേശം നല്‍കി. അതിഥികളോടും വിനോദസഞ്ചാരികളോടും മുന്‍കരുതല്‍ നടപടികള്‍ സ്വീകരിക്കാന്‍ പറയാന്‍ ജീവനക്കാര്‍ക്ക് നിര്‍ദേശം നല്‍കണം. വാദികള്‍ മുറിച്ചുകടക്കരുത്. താഴ്ന്ന പ്രദേശത്ത് നിന്ന് മാറിത്താമസിക്കുകയും വേണം. ഇക്കലായളവില്‍ കടലിലേക്ക് പോകരുത്. ഹോട്ടലിലുള്ളവരുടെ സുരക്ഷ ഉറപ്പാക്കണമെന്നും മന്ത്രാലയം നിര്‍ദേശിച്ചു.

RELATED ARTICLES

Most Popular

Recent Comments

You cannot copy content of this page
%d bloggers like this: