രാജ്യത്തെ ഏറ്റവും പുരാതനമായ കുന്തിരിക്കം പുകക്കുന്ന പാത്രം കണ്ടെത്തി. സുല്‍ത്താന്‍ ഖാബൂസ് യൂനിവേഴ്സിറ്റിയിലെ കോളജ് ഓഫ് ആര്‍ട്സ് ആന്‍ഡ് സയന്‍സസിലുള്ള പുരാവസ്തു വകുപ്പും പൈതൃക- ടൂറിസം മന്ത്രാലയവും ചേര്‍ന്നാണ് ഈ പാത്രം ഖനനം ചെയ്തെടുത്തത്. 4,500 വര്‍ഷം പഴക്കമുള്ളതാണിത്.
നോര്‍ത്ത് അല്‍ ബാതിനയിലെ ദഹ്വ ഗ്രാമത്തില്‍ നിന്നാണ് ഇത് കണ്ടെടുത്തത്. ഇവിടെ എട്ട് വര്‍ഷമായി ഖനനം നടത്തുന്നുണ്ട്. ഇതിനിടെ കോട്ടകളും ഫലജുകളും ശവക്കല്ലറകളും ഖനികളും ആയിരക്കണക്കിന് വര്‍ഷം മുമ്പുള്ള മനുഷ്യവാസത്തിന്റെ അടയാളങ്ങളും കണ്ടെത്തിയിരുന്നു. ശിലായുഗം മുതല്‍ ഇസ്ലാമിക കാലം വരെയുള്ള വ്യത്യസ്ത കാലഘട്ടത്തിലെ മനുഷ്യവാസം തെളിയിക്കുന്നവയാണ് കണ്ടെടുത്തിരുന്നത്.
വെങ്കലയുഗത്തിലെ മനുഷ്യജീവിതത്തിന്റെ അടയാളങ്ങള്‍ തേടി വാദി അസ്സഖ്നില് പുരാവസ്തു സംഘം ഖനനം നടത്തിയിരുന്നു. പ്രത്യേകിച്ച് ബി സി 2700- 2000 കാലത്തെ ഉം അന്നര് നാഗരികതയെ കുറിച്ചാണ് ഇവര്‍ അന്വേഷിച്ചത്. മെസപ്പെട്ടോമിയ- സിന്ധു നദീതട നാഗരികതകള്‍ക്കിടയില്‍ വരുന്നതാണിത്.
നിലവില്‍ ബി സി 2300- 2200 കാലത്തെ സഹോയ് കുന്തിരിക്കം പുകക്കുന്ന ഉപകരണമാണ് ഏറ്റവും പഴയത്. അമേരിക്കയിലെ ജോര്‍ജിയ യൂനിവേഴ്സിറ്റിയിലും ജര്‍മനിയിലെ മാക്സ് ബ്ലാങ്ക് ഇന്‍സ്റ്റിറ്റിയൂട്ടിലും ഇത് പരിശോധിച്ച് ഉറപ്പുവരുത്തിയിരുന്നു. ബി സി 2200ലെ കുന്തിരിക്കം പുകക്കുന്ന പാത്രം റാസ് അല്‍ ജിനിസില് നിന്ന് 1996ല്‍ കണ്ടെത്തിയിരുന്നു. നൂറ്റാണ്ടുകളായി ഒമാനികള്‍ കുന്തിരിക്കം ഉപയോഗിച്ചിരുന്നു എന്നതിന്റെ തെളിവാണിത്.