International
നടുറോഡിലിട്ട് ഭാര്യയെ തല്ലി; സ്വദേശി പൗരനെതിരെ നിയമനടപടിയുമായി പൊലീസ്

ഭാര്യയെ നടുറോഡിൽ, മർദ്ദിച്ച കുറ്റത്തിന് ഭർത്താവിനെതിരെ നിയമനടപടി. മർദ്ദന ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ വ്യാപകമായി പ്രചരിക്കാൻ തുടങ്ങിയതോടെയാണ് അധികൃതരുടെ ശ്രദ്ധയിൽ പെടുന്നതും നടപടികളിലേക്ക് കടന്നതും. സൗദി അറേബ്യയിലെ മദീനയിലാണ് സംഭവം. റോഡരികിൽ വച്ച് യുവതിയെ മർദ്ദിക്കുന്നതും സമീപത്തെ മതിലിലേക്ക് പിടിച്ച് തള്ളുന്നതും ദൃശ്യങ്ങളിൽ വ്യക്തമായി കാണാം.
സംഭവ സ്ഥലത്തുണ്ടായിരുന്ന ആരോ ആണ് ദൃശ്യങ്ങൾ പകർത്തി പോസ്റ്റ് ചെയ്തിരിക്കുന്നത്. വീഡിയോ വൈറലായതോടെ പൊലീസ് അന്വേഷണം ആരംഭിച്ച് ദമ്പതികളെ കണ്ടെത്തി. വീഡിയോ ദൃശ്യങ്ങളിൽ ഉള്ളത് സൗദി പൗരൻ തന്നെയാണെന്ന് മദീന പ്രവിശ്യ പൊലീസ് അറിയിച്ചിട്ടുണ്ട്. ഇരുവർക്കുമിടയിലെ വാക്കു തർക്കമാണ് റോഡിലെ അടിയിൽ കലാശിച്ചത്. കേസ് തുടർ നടപടികൾക്കായി പബ്ലിക് പ്രോസിക്യൂഷന് കൈമാറിയിരിക്കുകയാണ്.