OMAN
ഒമാൻ ബജറ്റിന് സുൽത്താന്‍ അംഗീകാരം നല്കി

2022 സാമ്പത്തിക വർഷത്തിലേക്കുള്ള ഒമാന്റെ പൊതു സാമ്പത്തിക ബജറ്റിന് സുൽത്താൻ ഹൈഥം ബിൻ ത്വാരിഖ് അംഗീകാരം നൽകി. എണ്ണ വില ബാരലിന് 50 ഡോളറാണ് നടപ്പു സാമ്പത്തിക വര്‍ഷം ബജറ്റിൽ കണക്കാക്കിയിരിക്കുന്നത്. മൊത്തം വരുമാനം 10.580 ശതകോടിയാണ്. എണ്ണയും എണ്ണയിതര വരുമാനവുമടക്കമാണിത്. 2022 ലെ മൊത്തം ചെലവ് 12.130 ശതകോടിയാണ് കണക്കാക്കുന്നത്. നടപ്പു സാമ്പത്തിക വർഷം 1.5 ശതകോടി റിയാല്‍ ബജറ്റ് കമ്മി പ്രതീക്ഷിക്കുന്നു. ഇത് മൊത്തം വരുമാനത്തിന്റെ 15 ശതമാനവും മൊത്തം ആഭ്യന്തര ഉൽപാദനത്തിന്റെ അഞ്ചു ശതമാനവുമാണ്. രാജ്യത്തിന് പുറത്തുനിന്നും അകത്തുനിന്നും കടം എടുത്തായിരിക്കും കമ്മി നികത്തുക. ഇതുകഴിഞ്ഞും 400 ദശലക്ഷം റിയാൽ കമ്മിയുണ്ടാവും. ഇത് പൊതുസൂക്ഷിപ്പിൽ നിന്ന് നികത്തും. മൊത്തം പൊതു ചെലവിന്റെ 40 ശതമാനം അവശ്യസേവനങ്ങൾക്കായി ഉപയോഗിക്കും. മൊത്തം വരുമാനത്തിന്റെ 32 ശതമാനം എണ്ണയിതര വരുമാന മാർഗത്തിൽ നിന്നായിരിക്കും. 3.34 ശതകോടി ഡോളറാണിത്.
സർക്കാർ വായ്പകളും മറ്റും തിരിച്ചടക്കാൻ 2.7 ശതകോടി റിയാൽ വേണ്ടി വരും. മന്ത്രാലയങ്ങൾക്ക് മൊത്തം 4.3 ശതകോടി റിയാലാണ് വകയിരുത്തിയിരിക്കുന്നത്. ഇതിൽ 3.2 ശതകോടി ജീവനക്കാരുടെ ശമ്പളത്തിനായി ഉപയോഗിക്കും. ഐ.എം.എഫിന്റെ വിലയിരുത്തൽ അനുസരിച്ച് ഈ വർഷം 2.5 ശതമാനം സാമ്പത്തിക വളർച്ചയുണ്ടാകുമെന്ന് കണക്കാക്കുന്നു. 2022 സാമ്പത്തിക വർഷത്തിൽ 25 ദശലക്ഷം റിയാൽ പുതിയ സർക്കാർ പദ്ധതികൾക്കായി ഉപയോഗിക്കും. സ്കൂളുകൾ, ഇലക്ട്രോണിക് പദ്ധതികൾ എന്നിവ ഇതിൽ ഉൾപ്പെടും. ഉപരിതല സൗകര്യങ്ങൾ വർധിപ്പിക്കുന്നതിനായി 40.3 ശതമാനം ഉപയോഗിക്കും. റോഡുകൾ, വിമാനത്താവളങ്ങൾ, തുറമുഖങ്ങൾ എന്നിവ ഇതിൽ ഉൾപ്പെടും. ടൂറിസം മേഖലയിലെ നിക്ഷേപം 193 ദശലക്ഷം റിയാലും ഖനനമേഖലയിലെ നിക്ഷേപം 57 ദശലക്ഷവും ഗതാഗത മേഖലയിലെ നിക്ഷേപം 116 ദശലക്ഷവും വാർത്താവിനിമയ വിവര സാങ്കേതികവിദ്യ മേഖലയിലെ നക്ഷേപം 156 ദശലക്ഷം റിയാലും ഭക്ഷ്യമേഖലയിലെ നിക്ഷേപം 99 ദശലക്ഷവും മത്സ്യവിഭവ മേഖലയിലെ നിക്ഷേപം 54 ദശലക്ഷവും ഊർജ മേഖലയിലെ നിക്ഷേപം 1.410 ശതകോടിയും ആയിരിക്കും. 2022 ലെ പൊതുബജറ്റ് 2014നു ശേഷം ഏറ്റവും കുറഞ്ഞ കമ്മി ബജറ്റായിരിക്കുമെന്ന് ധന മന്ത്രി സുൽത്താൻ സാലിം അൽ ഹബ്സി പറഞ്ഞു. എണ്ണവില ബജറ്റിൽ വിലയിരുത്തിയതിനെക്കാൾ വർധിക്കുകയാണെങ്കിൽ ബജറ്റ് കമ്മി ഒഴിവാക്കുവാനും മിച്ച ബജറ്റായി മാറാനും വായ്പകൾ തിരിച്ചടക്കാനും സഹായകമാവുമെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു