ഒമാനിലെ ആദ്യത്തെ വെറ്ററിനറി വാക്സിൻ നിർമാണ കേന്ദ്രം സുഹാറിൽ സ്ഥാപിക്കുന്നു. പ്രതിവർഷം 144 ദശലക്ഷം വാക്സിനുകൾ ലഭ്യമാക്കാനാണ് ഇതിലൂടെ അധികൃതര്‍ ലക്ഷ്യമിടുന്നത്.
നാഷനൽ വെറ്ററിനറി വാക്സിൻ കമ്പനിയുമായി നടന്ന ഭൂമി പാട്ടക്കരാർ ഒപ്പുവെക്കൽ ചടങ്ങിൽ കൃഷി, ഫിഷറീസ്, ജലവിഭവ മന്ത്രാലയം അണ്ടർ സെക്രട്ടറി ഡോ. അഹമ്മദ് ബിൻ നാസർ അൽ ബക്രി, ഒമാനിലെ ഈജിപ്ത് അംബാഡസർ ഖാലിദ് മുഹമ്മദ് അബ്ദുൽഹലീം രാധി, സൊഹാർ ഫ്രീസോൺ സി.ഇ.ഒ ഉമാർ അൽ മഹ്റ്സി, നാഷനൽ വെറ്ററിനറി വാക്സിൻ കമ്പനി ചെയർമാൻ യഅ്ഖൂബ് ബിൻ മൻസൂർ അൽ റുഖൈഷി എന്നിവർ പങ്കെടുത്തു.
ആരോഗ്യകരമായ ഫാമുകൾ ആരംഭിക്കാനും ആട്ടിൻകൂട്ടങ്ങൾ, കന്നുകാലികൾ എന്നിവയെ പരിപാലിക്കുന്നതിനും ഉൽപാദനം വർധിപ്പിക്കാനും സാമ്പത്തിക നഷ്ടം തടയാനും വാക്സിനേഷൻ അത്യാവശ്യമാണെന്നും കന്നുകാലി മേഖലയിൽ സാധാരണ ഉപയോഗിക്കുന്ന വാക്സിനുകളുടെ ആവശ്യം നിറവേറ്റുന്നതിനാണ് നാഷനൽ വെറ്ററിനറി വാക്സിൻസ് കമ്പനി സ്ഥാപിച്ചതെന്നും കമ്പനി ചെയര്മാന് അല്‍ റുഖൈഷി പറഞ്ഞു. വാക്സിനുകൾ ഉൽപാദിപ്പിക്കാനും മിഡിൽ ഈസ്റ്റിലെയും വടക്കേ ആഫ്രിക്കയിലെയും പ്രധാന വിപണികളിലേക്ക് കൊണ്ടുപോകാനും കയറ്റുമതി ചെയ്യാനും തുറമുഖത്തിന്റെയും ഫ്രീ സോണിന്റെയും ആധുനിക സൗകര്യങ്ങൾ വഴി സാധിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.