
സുപ്രീം കമ്മിറ്റി നിർദേശിച്ച മാനദണ്ഡം എല്ലാ വാണിജ്യ-വ്യവസായ സ്ഥാപനങ്ങളും കര്‍ശനമായി പാലിക്കണമെന്ന് വാണിജ്യ, വ്യവസായ, നിക്ഷേപ പ്രോത്സാഹന മന്ത്രാലയം. സ്ഥാപനങ്ങളില്‍ ആകെ ശേഷിയുടെ 50 ശതമാനം ആളുകളെ മാത്രമേ പ്രവേശിപ്പിക്കാൻ പാടുള്ളൂ എന്നാണ് നിര്‍ദേശം. മാസ്ക് ധരിക്കുക, സാമൂഹിക അകലം പാലിക്കുക തുടങ്ങിയ മുൻകരുതൽ നടപടികൾ ഉപഭോക്താക്കൾ പാലിക്കുന്നുണ്ടോയെന്ന് സ്ഥാപനങ്ങൾ ഉറപ്പാക്കണം. വാണിജ്യ ഔട്ട്ലെറ്റുകൾ ഷോപ്പിങ് ട്രോളികൾ, പ്രതലങ്ങൾ എന്നിവ അണുമുക്തമാക്കുകയും ഉപഭോക്താക്കൾക്ക് ഉപയോഗിക്കാനായി സാനിറ്റൈസർ സംവിധാനം ഒരുക്കുകയും വേണം. രണ്ട് ഡോസ് വാക്സിൻ സ്വീകരിച്ച സർട്ടിഫിക്കറ്റുകൾ കാണിക്കാൻ ഉപഭോക്താക്കളോട് ആവശ്യപ്പെടണം. ആളുകൾ കൂടുന്നത് ഒഴിവാക്കാനായി ഉപഭോക്താക്കൾ ഷോപ്പുകൾ, റസ്റ്റാറന്റുകൾ എന്നിവ നൽകുന്ന ഇ-ഷോപ്പിങ് സംവിധാനം പ്രയോജനപ്പെടുത്തണം. ഹോം ഡെലിവറി തൊഴിലാളികളുടെ സുരക്ഷക്കായി ആവശ്യമായ പ്രതിരോധ നടപടികൾ വാണിജ്യ കേന്ദ്രങ്ങളും റസ്റ്റാറന്റുകളും എടുക്കണമെന്നും മന്ത്രാലയം നിർദേശിച്ചു. മാനദണ്ഡങ്ങൾ പാലിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്താൻ സ്ഥാപനങ്ങളിൽ പരിശോധന ശക്തമാക്കുമെന്നും മന്ത്രാലയം അറിയിച്ചു