OMANOMAN SPECIAL
വിമാനയാത്രികരുടെ എണ്ണത്തിൽ 18 ശതമാനത്തിന്റെ ഇടിവ്

ഒമാനിലെ വിമാനയാത്രികരുടെ എണ്ണത്തില്‍ 18.4 ശതമാനം ഇടിവ് രേഖപ്പെടുത്തി.
കഴിഞ്ഞ വർഷം ഒക്ടോബർ അവസാനംവരെ മസ്കത്ത്, സലാല, സൊഹാർ, ദുകം എന്നീ വിമാനത്താവളങ്ങളിലൂടെ യാത്ര ചെയ്തത് 33,49,503 ആളുകളാണെന്ന് കണക്കുകൾ. 2020ലെ ഇക്കാലയളവുമായി താരതമ്യം ചെയ്യുമ്പോൾ 18.4 ശതമാനത്തിന്റെ കുറവാണ് യാത്രക്കാരുടെ എണ്ണത്തിൽ ഉണ്ടായിരിക്കുന്നത്. 41,07,142 യാത്രക്കാരാണ് 2020ൽ ഉണ്ടായിരുന്നത്. ദേശീയ സ്ഥിതിവിവരകേന്ദ്രത്തിന്റെ ഏറ്റവും പുതിയ കണക്കിലാണ് ഇക്കാര്യം പറയുന്നത്. ആകെ 30,375 വിമാനങ്ങളാണ് 2021 ഒക്ടോബർ അവസാനംവരെ ഒമാനിലെ വിമാനത്താവളങ്ങളിൽ എത്തിയത്. മസ്കത്ത് അന്താരാഷ്ട്ര എയർപോർട്ട്, സലാല എയർപോർട്ട്, സോഹാർ എയർപോർട്ട് എന്നിവയിലൂടെ എത്തിയ 21,466 അന്താരാഷ്ട്ര വിമാനസർവിസുകളും ഇതിൽപെടും.
2020 ഒക്ടോബറിൽ 34,873 ഫ്ലൈറ്റുകളാണ് ഉണ്ടായിരുന്നത്. മസ്കത്ത് ഇന്റർനാഷനൽ എയർപോർട്ട്, സലാല എയർപോർട്ട്, സോഹാർ എയർപോർട്ട് എന്നിവിടങ്ങളിലൂടെ 29,999 അന്താരാഷ്ട്ര വിമാനങ്ങളാണ് എത്തിയത്. മസ്കത്ത് എയർപോർട്ട്, സലാല എയർപോർട്ട്, സോഹാർ എയർപോർട്ട്, ദുകം എയർപോർട്ട് എന്നിവിടങ്ങളിലൂടെ 4874 ആഭ്യന്തര വിമാനങ്ങളും ലഭിച്ചു. 2021 ഒക്ടോബർ വരെയുള്ള കണക്കുപ്രകാരം ഒമാനിലെ വിമാനത്താവളങ്ങളിൽ എത്തിയത് കൂടുതലും ഇന്ത്യക്കാരും ബംഗ്ലാദേശും പാകിസ്താനികളുമായിരുന്നു. 98,556 ഇന്ത്യൻ യാത്രക്കാരാണ് ഇക്കാലയളവിൽ എത്തിയത്. ബംഗ്ലാദേശ്-36,849, പാകിസ്താൻ 29,523 എന്നിങ്ങനെയാണ് മറ്റ് കണക്കുകൾ.